'ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, കോളജിലെ വനിത ജീവനക്കാരും കൂട്ടുനിന്നു, മൊഴി നൽകിയത് 17 വിദ്യാർഥിനികൾ'; ഒളിവിൽ പോയ 'ആൾദൈവം' ചൈതന്യാനന്ദക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
text_fieldsസ്വാമി ചൈതന്യാനന്ദ സരസ്വതി
ന്യൂഡൽഹി: ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് 17 വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്ന് ഒളിവിൽ പോയ 'ആൾദൈവം' ചൈതന്യാനന്ദയ്‌ക്കെതിരെ ഡൽഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിയെയാണ് പൊലീസ് തിരയുന്നത്.
സ്വാമിയുടെ ആശ്രമത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വസതിയിലും റെയ്ഡ് നടത്തിയപ്പോഴാണ് ഒളിവില്‍പോയത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
‘യു.എൻ’ രജിസ്ട്രേഷനെന്ന വ്യാജ നമ്പർ പ്ലേറ്റ് പതിച്ച സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ച കാർ വസന്ത് കുഞ്ചിലെ സ്ഥാപനത്തില്‍നിന്ന് നിന്ന് പൊലീസ് കണ്ടെടുത്തു. കേസെടുത്തതോടെ ഇയാളെ ആശ്രമത്തില്‍നിന്ന് പുറത്താക്കിയതായി ആശ്രമ ഭരണസമിതി അറിയിച്ചു.
കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ സ്കോളർഷിപ്പ് ലഭിച്ച് ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് പ്രതിയുടെ ചൂഷണത്തിന് ഇരായായത്. വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശൃംഘേരി മഠം അഡ്മിനിസ്ട്രേറ്റർ പി.എ മുരളിയാണ് ഓഗസ്റ്റ് നാലിന് ഡൽഹി പൊലീസിൽ പരാതി നൽകിയത്.
മൊഴി രേഖപ്പെടുത്തിയ 32 വിദ്യാർഥികളിൽ 17 പേരും ഇയാൾക്കെതിരെ പരാതി നൽകി. മോശം ഭാഷ ഉപയോഗിക്കുക, അശ്ലീല സന്ദേശങ്ങൾ അയക്കുക, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെ ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. കോളജിലെ വനിതകളടക്കം ചില ജീവനക്കാർ ഇയാൾക്കുവേണ്ടി വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഇരകളുടെ മൊഴികളിലുണ്ട്. അതേസമയം, ആശ്രമത്തിൽ ജോലി ചെയ്യുന്ന ചില വാർഡൻമാരുടെ നേതൃത്വത്തിലാണ് തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതെന്നും ചില വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ, സ്വാമി ചൈതന്യാനന്ദക്കെതിരെ ലൈംഗിക പീഡനമടക്കം കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

