മാല പൊട്ടിച്ചെടുത്ത് ഓടിയ മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
text_fieldsഅമ്പലപ്പുഴ: മാല പൊട്ടിച്ചെടുത്ത് ഓടിയ മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. നടന്നുപോയ 63-കാരിയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. മംഗലാപുരം പെരിസ് ലൈൻ ബത്തേരി ഗാർഡനിൽ രോഹിത്കുമാർ (29) ആണ് പിടിയിലായത്. തകഴി കുന്നുമ്മ അരങ്ങശ്ശേരിൽ വീട്ടിൽ വാസന്തിയുടെ രണ്ടുപവന്റെ സ്വർണമാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 4.45 ന് തകഴി കുന്നുമ്മയിൽ റെയിൽവേപ്പാളത്തിന് സമീപമായിരുന്നു സംഭവം നടന്നത്.
ഗുരുദേവ പ്രാർഥന സമിതിയുടെ പ്രാർഥനക്ക് പോകുകയായിരുന്നു വാസന്തി. പിന്നാലെയെത്തിയ മോഷ്ടാവ് കഴുത്തിനു കുത്തിപ്പിടിച്ച് മാലപൊട്ടിച്ചതോടെ ഇരുവരുമായി മൽപ്പിടിത്തമുണ്ടായി. മാലയുടെ കുറച്ചുഭാഗം വാസന്തിയുടെ കൈയിലും ബാക്കിഭാഗം പ്രതിയുടെ കൈയിലുമായി. ബലപ്രയോഗത്തിനിടെ ഇവർ താഴെവീണപ്പോൾ മോഷ്ടാവ് റെയിൽവേപ്പാളത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വാസന്തിയുടെ മരുമകൾ ഐശ്വര്യ ഓടിയെത്തി നാട്ടുകാരെ വിളിച്ചുകൂട്ടി മോഷ്ടാവിനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
ഓട്ടത്തിനിടെ മാലയുടെ ബാക്കിഭാഗം മോഷ്ടാവ് എറിയുകയും ചെയ്തു. അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 12 മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരം സൗത്ത് സ്റ്റേഷനിൽമാത്രം ഏഴു കേസുകളുണ്ട്. ഒരാഴ്ചമുമ്പ് തൃശ്ശൂരിലെത്തിയ പ്രതി ചൊവ്വാഴ്ചയാണ് തീവണ്ടിയിൽ ആലപ്പുഴയിലെത്തിയത്. അവിടെനിന്ന് പാസഞ്ചർ തീവണ്ടിയിൽക്കയറി തകഴിയിലിറങ്ങിയാണ് മോഷണത്തിനു ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

