വാഹനങ്ങൾ വാങ്ങിയശേഷം വായ്പ അടച്ചില്ല; ഇടപ്പള്ളി സ്വദേശി അറസ്റ്റിൽ
text_fieldsഅജയഘോഷ് ലതീൻ
റാന്നി: മുക്ത്യാർ അധികാരപ്പെടുത്തിയ സുഹൃത്തിന്റെ, ബാങ്ക് വായ്പയിലെടുത്ത നാല് വാഹനങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കി വായ്പ മുടക്കിയ കേസിൽ എറണാകുളം ഇടപ്പള്ളി സ്വദേശി അറസ്റ്റിൽ. വിശ്വാസവഞ്ചനക്ക് റാന്നി പൊലീസെടുത്ത കേസിൽ ഇടപ്പള്ളി ശ്രീവത്സം വീട്ടിൽ അജയഘോഷ് ലതീൻ (32) ആണ് അറസ്റ്റിലായത്. പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരുവിൽനിന്നാണ് ഇയാളെ പിടികൂടിയത്. റാന്നി സ്വദേശി ബിജോ കെ.മാത്യുവിന്റെ പേരിലെ നാല് വാഹനങ്ങളിൽ മൂന്നെണ്ണമാണ് ഇയാൾ വായ്പ തുക അടക്കാമെന്ന് വാക്കുകൊടുത്ത് 2020 മാർച്ച് മുതൽ സ്വന്തമായി നോക്കിനടത്താൻ ഏറ്റെടുത്തത്. എസ്.ഐ സി.കെ. ഹരികുമാർ, സി.പി.ഒമാരായ എൽ.ടി. ലിജു, രഞ്ചു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

