‘ലിവിങ് ടുഗെതർ’; മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചു, ബന്ധം ഭർത്താവ് അറിഞ്ഞു, ഒടുവിൽ തീകൊളുത്തി മരിച്ചു
text_fieldsസൗമിനി ദാസ്, അബിൽ ഏബ്രഹാം
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഇടുക്കി സ്വദേശിയായ യുവാവും ബംഗാളി യുവതിയും തീകൊളുത്തി മരിക്കാനിടയാക്കിയത് ബന്ധം ഭർത്താവ് അറിഞ്ഞതോടെ. ഇടുക്കി കരുണാപുരം കീരൻചിറക്കുന്നേൽ കെ.സി.ഏബ്രഹാമിന്റെ മകൻ അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച തീകൊളുത്തി മരിച്ചത്. വിവാഹിതയായ സൗമിനിയും അവിവാഹിതനായ അബിലും പ്രണയത്തിലായതോടെ ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. അബിലുമായുള്ള ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതോടെ ആത്മഹത്യ ചെയ്യാൻ ഇരുവരും തീരുമാനിച്ചുവെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. മൂന്നുദിവസം മുമ്പാണ് ഇവർ ഫ്ലാറ്റിലെ നാലാം നിലയിൽ താമസം തുടങ്ങിയത്.
സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി കൂടിയാണ്. നഴ്സിങ് പഠനം പൂർത്തിയാക്കിയ അബിൽ കൊത്തനൂരില്‍ നഴ്സിങ് ഏജന്‍സി നടത്തുകയായിരുന്നു. ഇവിടെ അവധി ദിനങ്ങളിൽ സൗമിനി ജോലി ചെയ്തിരുന്നു. ഇതിനിടെയുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരുമിച്ച് താമസിച്ചതിന് ശേഷം ഈ വിവരം സൗമിനിയുടെ ഭർത്താവ് അറിഞ്ഞു. ഇതോടെ ഞായറാഴ്ച ഇരുവരും പെട്രോൾ വാങ്ങി സൂക്ഷിക്കുകയും ഉച്ചയോടെ ഒരുമിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്നാണ് വിവരം.
പുകഉയരുന്നത് കണ്ട് അയൽക്കാർ വാതിൽ തകർത്ത് രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലും മരണപ്പെടുകയായിരുന്നു. മൂന്നു മാസം മുമ്പ് സൗമിനി കൊൽക്കത്തയിൽ പോയിരുന്നു. ഇനി മടങ്ങിവരില്ലെന്ന് ഭർത്താവിനെ അറിയിച്ചിരുന്നുവെത്രേ. അബിലുമായുള്ള ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായിരുന്നു. കൊത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
വിവാഹിതരല്ലെങ്കിലും യുവാക്കളും യുവതികളും ഒരുമിച്ച് താമസിക്കുന്നത് ബംഗളൂരുവിൽ പതിവാണ്. ‘ലിവിങ് ടുഗെതർ’ ബന്ധങ്ങൾ അൽപകാലത്തേക്ക് ചിലർ കൊണ്ടുപോകുമ്പോൾ ചിലർ ദീർഘകാലത്തേക്കായാണ് കാണുന്നത്. അടുത്തിടെ ഇത്തരത്തിൽ താമസിക്കുന്നവർക്കിടിയിൽ ദുരൂഹമരണങ്ങളും കൂടിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

