ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ജ്യോതിഷിയുടെ വാക്കുകളോ?; ഭാര്യ പിണങ്ങിപ്പോകാൻ കാരണം മുടി നീളമുള്ള വ്യക്തിയാണെന്ന് ധരിപ്പിച്ചുവെന്ന്
text_fieldsപ്രതി ചെന്താമര, കൊല്ലപ്പെട്ട ലക്ഷ്മി, സുധാകരൻ
നെന്മാറ: ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ജ്യോതിഷിയുടെ വാക്കുകളാണെന്ന സംശയം ബലപ്പെടുകയാണ്. ഭാര്യ പിണങ്ങിപ്പോകാൻ കാരണം മുടി നീളമുള്ള വ്യക്തിയാണെന്ന് ധരിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. പ്രദേശത്തെ മുടി നീളമുള്ള പലരെയും പ്രതി ചെന്താമരഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഭയപ്പെട്ട പലരും പൊലീസിൽ പരാതി നൽകിയിരുന്നു.
ഭാര്യ പിണങ്ങിപ്പോയത് ചെന്താമരയെ തളർത്തി. തുടർന്നാണത്രെ ജ്യോതിഷിയെ സമീപിച്ചത്. ഇതോടെ, ഭാര്യപിണങ്ങാനിടയാക്കുന്നത് മുടി നീളമുള്ള സ്ത്രീയാണെന്ന് ധാരണയുണ്ടായി. ഇതാണ്, 2019 ആഗസ്റ്റിൽ സുധാകരന്റെ ഭാര്യ സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഈ കേസിൽ വിചാരണ തടവുകാരനായി ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മൂന്നുമാസം മുമ്പാണ് ചെന്താമര ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയത്. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ചെന്താമരക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര സ്വന്തം വീട്ടിലെത്തി അയൽവാസികളെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ ഡിസംബർ 29ന് സുധാകരനും മകൾ അനഘയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ ജ്യോതിഷിക്കെതിരെയും നാട്ടുകാരിൽ അമർഷമുണ്ട്.
ഇതിനിടെ, ചെന്താമര സൈക്കോയാണെന്ന് നാട്ടുകാർ പറയുന്നു. പുതിയ വസ്ത്രമിട്ട് വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോൺ ചെയ്താലോ വരെ ഇയാൾ അക്രമാസക്തനാകാറുണ്ടെന്ന് പറയുന്നു. സുധാകരനേയും അമ്മയേയും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയേയും ഇയാൾ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകൻ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയൽപക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരൻ തൽക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാൾ മുറിക്കകത്തുവെച്ച് മുൻവശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് സ്വന്തം വീട്ടിലെത്തിയ പ്രതി അയൽവാസികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് സുധാകരനും മകളും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് നാട്ടുകാർ പൊലീസിനെ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
പ്രതിയെ പിടികൂടാൻ നാലു സംഘങ്ങളായി പൊലീസിനെ നിയോഗിച്ചതായും ഉടൻ പിടികൂടുമെന്നും ബന്ധുക്കൾക്കും നാട്ടുകാർക്കും ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാർ ഉറപ്പുനൽകിയതോടെയാണ് സംഘർഷം അയഞ്ഞത്. ഇതിനിടെ നാട്ടുകാരായ ചില സ്ത്രീകൾ പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് വീണ്ടും ബഹളംവെച്ചു. ബാബു എം.എൽ.എ, ആലത്തൂർ ഡിവൈ.എസ്.പി എൻ. മുരളീധരൻ, നെന്മാറ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ എന്നിവർ ഇവരെ അനുനയിപ്പിച്ചു. പിന്നീട് ഇൻക്വസ്റ്റ് തയാറാക്കി വൈകീട്ട് നാലരയോടെ സുധാകരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പൊലീസ് നായ് ‘ഡാർലി’ ചെന്താമരയുടെ വീട്ടിലെത്തി കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെ മണംപിടിച്ച് പാടം കടന്ന് അരക്കിലോമീറ്റർ അകലെയുള്ള ചെന്താമരയുടെ തറവാട് വീട്ടിലെത്തി നിന്നു. പരിസരപ്രദേശങ്ങളും കുന്നിൻപ്രദേശങ്ങളും റബർതോട്ടങ്ങളും ആയതിനാൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

