പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവ്
text_fieldsസജിൻ
പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ ജീവപര്യന്തം കഠിനതടവിന് പുറമെ എട്ടുവർഷം കഠിനതടവിനും ശിക്ഷിച്ച് കോടതി. നാരങ്ങാനം പഞ്ചായത്തിലെ കടമ്മനിട്ട കല്ലേലിമുക്ക് തെക്കുംപറമ്പിൽ വീട്ടിൽ സജിനാണ് (31) ശിക്ഷിക്കപ്പെട്ടത്. കല്ലേലിമുക്ക് സ്വദേശിനിയായ 17കാരിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. പത്തനംതിട്ട അഡീ. സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്.
കൊലപാതകത്തിനു ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും കൂടാതെ ഏഴുവർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൂടാതെ ബാലനീതി നിയമം അനുസരിച്ച് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധികതടവുശിക്ഷ അനുഭവിക്കണം. 2017 ജൂലൈ 14ന് വൈകീട്ട് 6.30ന് പെൺകുട്ടിയുടെ വല്യച്ഛന്റെ വീടിനുമുറ്റത്ത് വെച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്.
ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും 22ന് മരണപ്പെട്ടു. അന്നത്തെ ആറന്മുള എസ്.ഐ കെ.അജിത് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആക്രമണത്തിനിടെ പെട്രോൾ ദേഹത്തുവീണ് നെഞ്ചത്തും പുറത്തും പൊള്ളലേറ്റ സജിൻ രണ്ട് ദിവസം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. അന്ന് കോഴഞ്ചേരി സി.ഐ ആയിരുന്നതും ഇപ്പോൾ നർകോട്ടിക് സെൽ ഡിവൈ.എസ്.പിയുമായ ബി. അനിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ആറന്മുള പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സി.കെ. മനോജ് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

