അഭിഭാഷകൻ മകനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ നിലയിൽ
text_fieldsകൊല്ലപ്പെട്ട വിഷ്ണവും പിതാവ് ശ്രീനിവാസപിള്ളയും
കൊല്ലം: അഭിഭാഷകനായ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ നിലയിൽ. കടപ്പാക്കട അക്ഷയ നഗറില്‍ 29ൽ അഡ്വ. ശ്രീനിവാസപിള്ള (79), മകന്‍ സോഫ്റ്റ്വെയർ എൻജിനീയർ വിഷ്ണു (42) എന്നിവരെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.
ശ്രീനിവാസപിള്ളയെ വീട്ടിലെ ഹാളിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലും തൊട്ടടുത്ത മുറിയിലായി മകന്‍ വിഷ്ണുവിനെ ചോരവാർന്ന് കൊല്ലപ്പെട്ട നിലയിലുമാണ് കാണപ്പെട്ടത്. മകനെ വെട്ടിക്കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നും ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രഥമിക വിവരം. അഭിഭാഷകനായ ശ്രീനിവാസപിള്ളയും മകനും മാത്രമായിരുന്നു രണ്ടുദിവസമായി കടപ്പാക്കട അക്ഷയ നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ മാതാവ് രമ രണ്ടുദിവസം മുമ്പാണ് മകനുമായുള്ള വഴക്കിനെത്തുടർന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന മകൾ വിദ്യയുടെ വീട്ടിലേക്ക് പോയത്.
വിദ്യ വെള്ളിയാഴ്ച ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ഇരുവരും കൊല്ലത്തെ വീട്ടിലേക്ക് വരികയായിരുന്നു. വീട്ടിലെത്തിയപ്പോൾ ഗേറ്റും വാതിലുകളും പൂട്ടിയനിലയിലായിരുന്നു. തുടർന്ന് വിളിച്ചിട്ടും വാതിലും ഗേറ്റും തുറക്കാത്തതിനെത്തുടർന്ന് പൊലീസിൽ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രീനിവാസപിള്ളയേയും വിഷ്ണുവിനേയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണു എസ്.ബി.ഐയിൽ പ്രബേഷനറി ഓഫിസറായിരുന്നെന്നും അത് രാജിവെച്ചശേഷം കുറച്ചുനാളുകളായി മാനസിക വിഭ്രാന്തിയുണ്ടായിരുന്നെന്നും നിരന്തരം വീട്ടിൽ ബഹളമുണ്ടാക്കുമായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.
വിഷ്ണു രണ്ടുതവണ വിവാഹം കഴിച്ചിരുന്നതായും, രണ്ടും നിയമപരമായി വേര്‍പിരിഞ്ഞതായും നാട്ടുകാര്‍ പറയുന്നു. വിഷ്ണുവിന്‍റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായും സംശയിക്കുന്നു. സ്വയരക്ഷക്കായി ശ്രീനിവാസപിള്ള മകനെ കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

