വിനോദയാത്രക്കെത്തിയ ലോ കോളജ് വിദ്യാർഥികളെ ക്വട്ടേഷൻ സംഘം ആക്രമിച്ചു
text_fieldsമറയൂർ: വിനോദയാത്രക്കെത്തിയ ലോ കോളജ് വിദ്യാർഥികളെ 11അംഗ ക്വട്ടേഷൻ സംഘം ആക്രമിച്ചു. മറയൂർ ടൗണിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
തിരുവനന്തപുരത്തുനിന്ന് അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 45 പേരാണ് പഠനയാത്രയായി മറയൂരിൽ എത്തിയത്. ഇവർ തിരുവനന്തപുരത്തേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സംഭവം. ആക്രമണത്തിൽ എസ്.എഫ്.ഐ ഭാരവാഹി കൂടിയായ വേണുഗോപാലിന് പരിക്കേറ്റു.
മറ്റൊരു വിദ്യാർഥിയുടെ നെഞ്ചിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ സംഘം വേണുഗോപാലിനെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണം കണ്ട മറയൂരിലെ ജീപ്പ് ഡ്രൈവർമാരാണ് വേണുഗോപാലിനെ രക്ഷിച്ചത്. നാട്ടുകാർ ഓടി എത്തിയപ്പോൾ രണ്ട് കാറുകളിലായി അക്രമികൾ മൂന്നാർ ഭാഗത്തേക്ക് കടന്നു. തുടർന്ന് മറയൂർ പൊലീസ് പിന്തുടർന്ന് പിടികൂടി.
ലോ കോളജിലെ പൂർവവിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദേവനാരായണനാണ് (23) ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ വേണുഗോപാൽ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ ദേവനാരായണൻ കെ.എസ്.യു പ്രവർത്തകനും ലോ കോളജ് പൂർവവിദ്യാർഥിയുമാണ്. ഇയാൾ ഉൾപ്പെടെ 11 പേർ മറയൂർ പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

