ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയിൽ
text_fieldsപത്തനംതിട്ട: സ്വകാര്യ ലോ കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റും ഇതേ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശിനിയുടെ പരാതിയില്‍ കുമ്പഴ സ്വദേശി അഭിജിത്ത് സോമനെതിരെയാണ് ആറന്മുള പൊലീസ് കേസ് എടുത്തത്. ഇയാള്‍ കസ്റ്റഡിയിലുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പരാതിക്കാരിക്ക് ഫീസ് അടക്കാന്‍ വീട്ടില്‍നിന്ന് കൊടുത്ത അരലക്ഷം രൂപ വീതം രണ്ടുതവണയായി പ്രതി കൈക്കലാക്കിയെന്നും രണ്ടുതവണ വിവിധ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ആത്മഹത്യ ശ്രമം നടന്നത്. നാലാം സെമസ്റ്ററിന് പഠിക്കുന്ന പെണ്‍കുട്ടി കോളജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
ആറുമാസം മുമ്പാണ് ഒന്നാം വര്‍ഷ എല്‍എല്‍.ബി കോഴ്‌സിന് പഠിക്കുന്ന അഭിജിത്തുമായി പ്രണയത്തിലായത്. പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ അഭിജിത്ത് അയാളുടെ ബുള്ളറ്റിലാണ് കൊണ്ടുവിട്ടിരുന്നത്. രണ്ടുതവണ ഇങ്ങനെ കൊണ്ടുവിട്ടു. കേടായ കാര്‍ നന്നാക്കാന്‍ പണം ആവശ്യപ്പെട്ട അഭിജിത്തിന് ഫീസ് അടക്കാന്‍ വെച്ചിരുന്ന അരലക്ഷം രൂപ കൂട്ടുകാരന്‍ വശം കൊടുത്ത് കൈമാറി. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് വിഷമം പറഞ്ഞപ്പോള്‍ കഴിഞ്ഞ ആഴ്ചയിലും അരലക്ഷം രൂപ കൊടുത്തു.
ഫീസ് കുടിശ്ശികയായപ്പോള്‍ കോളജ് അധികൃതര്‍ വിവരം രക്ഷിതാക്കളെ അറിയിച്ചു. പണം അഭിജിത്തിന് കൊടുത്തുവെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതോടെ അഭിജിത്തിനോട് പണം തിരികെ ചോദിച്ചു. പണം നല്‍കിയില്ലെന്ന് മാത്രമല്ല, മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നേരില്‍ ചോദിച്ചപ്പോള്‍ തിരിച്ചുതരാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല. തുടര്‍ന്ന്, പെണ്‍കുട്ടി കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി.
വിവരമറിഞ്ഞ അഭിജിത്ത് ചൊവ്വാഴ്ച വൈകീട്ട് കോളജില്‍ വന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി ശാരീരികമായി ആക്രമിച്ച് മുറിവേല്‍പിച്ചെന്നാണ് പരാതി. ബുധനാഴ്ച കോളജില്‍ വെച്ച് കണ്ടിട്ടും അഭിജിത്ത് പ്രതികരിക്കാതെ വന്നതോടെയാണ് രാത്രിയില്‍ കൈഞരമ്പ് മുറിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെപ്പറ്റി വിശദ അന്വേഷണം നടക്കുകയാണെന്ന് ആറന്മുള പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

