വിപണിയിൽ വാഴുന്നത് പുതുലഹരി: ആന്ധ്രയിൽനിന്ന് വലിയതോതിൽ കഞ്ചാവ് എത്തുന്നു
text_fieldsതൊടുപുഴ: തൊടുപുഴയും പരിസരപ്രദേശങ്ങളും ലഹരികടത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി എക്സൈസും പൊലീസും. ഒരാഴ്ചയായി നഗരത്തിൽ സ്പെഷൽ ഡ്രൈവുമായി പൊലീസും എക്സൈസും രംഗത്തുണ്ട്. ജനുവരി 19 മുതൽ 31വരെ പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 71 കേസുകളാണ് പിടികൂടിയത്. ഇവരിൽനിന്ന് നാല് കിലോ കഞ്ചാവും 30 ഗ്രാം എം.ഡി.എയും പിടിച്ചെടുത്തു. എക്സൈസിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടത്തിയ പരിശോധനയിൽ 47 എൻ.ഡി.പി.എസ് കേസുകളിൽനിന്ന് 50 പേരെ പിടികൂടുകയും മൂന്നരക്കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. 288 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 ലിറ്റർ ചാരായവും 175 ലിറ്റർ കോടയും എക്സൈസ് നശിപ്പിച്ചു.
മാസങ്ങളായി തൊടുപുഴ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തും വിൽപനയും നടക്കുന്നെന്ന് അധികൃതർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഹൈവേ പട്രോളിങ്ങും ഇന്റലിജൻസും സ്ട്രൈക്കിങ് ഫോഴ്സും രാത്രികാല പരിശോധനയടക്കം നടത്തുന്നുണ്ട്. വലിയതോതിൽ എത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളിൽ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നതെന്നാണ് എക്സൈസിന് ലഭിക്കുന്ന വിവരം. ആന്ധ്രയിൽനിന്നാണ് പ്രധാനമായും ഇടുക്കിയിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ട്രെയിൻ വഴി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്ന കഞ്ചാവ് കാറിലും ബൈക്കിലുമായാണ് തൊടുപുഴയിലും പരിസരങ്ങളിലും എത്തിക്കുന്നത്. കമ്പത്തും പൊള്ളാച്ചിയിലും ഇവ സ്റ്റോക്ക് ചെയ്ത് അതിർത്തി കടത്താനും വലിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
വിപണിയിൽ വാഴുന്നത് പുതുലഹരികളും
യുവാക്കളും മറ്റും താമസിക്കുന്ന വാടക വീടുകൾ കേന്ദ്രീകരിച്ചാണ് സംഭരണം. പുതിയ രൂപത്തിലെത്തുന്ന ദ്രാവകങ്ങൾ, സ്റ്റാമ്പുകൾ എന്നിവയുടെ വിൽപനയും ജില്ലയിൽ വർധിച്ചുവരുകയാണെന്ന് എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ എം.ഡി.എം.എ, എൽ.എസ്.ഡിയടക്കം പുതുതലമുറ ലഹരികളുമായും യുവാക്കളെയടക്കം തൊടുപുഴയിൽനിന്നും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടിയിരുന്നു. നിർമാണത്തിലിരിക്കുന്നതും ആളൊഴിഞ്ഞതുമായ കെട്ടിടങ്ങളിലാണ് കൈമാറ്റങ്ങളടക്കം നടക്കുന്നത്. പുറമേനിന്ന് കഞ്ചാവ് എത്തിക്കുന്ന മൊത്തക്കച്ചവടക്കാർ പ്രത്യക്ഷത്തിൽ വരാതെ ഏജന്റുമാർ മുഖേനയാണ് ഇടപാടുകൾ. യുവാക്കളടങ്ങുന്ന വലിയ സംഘമാണ് ഇതിൽ കടത്തുകാരും ഇടനിലക്കാരുമായി പ്രവർത്തിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് കച്ചവടം. ഇതര സംസ്ഥാനങ്ങളിൽനിന്ന് ജോലിക്കെത്തുന്ന തൊഴിലാളികൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണ്. ഇവർ തൊടുപുഴയിലെ വിൽപനക്കാരിൽനിന്ന് ലഹരി വാങ്ങിക്കുന്നതിനു പുറമേ സംസ്ഥാനത്തിന് പുറത്തുനിന്ന് നേരിട്ട് എത്തിക്കുകയും ചെയ്യുന്നുണ്ട്.
തൊടുപുഴ മേഖലയിൽ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഇവർക്കായി പരിശോധനകൾ നടന്നു വരുകയാണെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷ്ണർ പറഞ്ഞു. സ്പെഷൽ ഡ്രൈവുകൾക്ക് പുറമെ പ്രത്യേക ടീമിനെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ടെന്ന് നാർകോട്ടിക് ഡിവൈ.എസ്.പിയും പറഞ്ഞു.