സർക്കാർ സ്ഥാപനങ്ങളിലെ ലാപ്ടോപ് മോഷണം: പ്രതി അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: സർക്കാർ സ്ഥാപനങ്ങളിലെ ലാപ്ടോപ് മോഷണം നടത്തുന്ന പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര കുന്നത്തുകാൽ നാറാണി, കൊടിത്തോട്ടം ജിജോ ഭവനിൽ ജോജി(23)യെയാണ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് താലൂക്കാശുപത്രി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫിസ്, ചിറയിൻകീഴ് പാലവിള യു.പി.എസ് എന്നിവിടങ്ങളിൽനിന്നാണ് ലാപ്ടോപ് മോഷണം പോയത്.
മ്യൂസിയം പൊലീസ് പിടികൂടിയ പ്രതിയെ ചിറയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവെടിപ്പ് നടത്തി. ഓഫിസുകളിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ, പ്രിൻറർ ഇവയുടെ ടോണർ റീഫിൽ ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫാണ് പ്രതി. ടോണർ റീഫിൽ ചെയ്യാൻ വരുന്ന ദിവസങ്ങളിലായിരുന്നു പ്രതി ഈ ഓഫിസുകളിൽനിന്ന് ലാപ്ടോപ് മോഷ്ടിച്ചത്. പ്രതിയുടെ വീട്ടിൽനിന്നും മോഷ്ടിച്ച ലാപ്ടോപ്പുകൾ കണ്ടെടുത്തു.
ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ്, എസ്.ഐ അമിർത് സിംഗ് നായകം, പ്രബേഷൻ എസ്.ഐ ശ്രീജിത്ത്, ജി.എസ്.ഐ മനോഹർ എന്നിവർ ചേർന്നാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

