കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരന് പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മർദിച്ചു
text_fieldsആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന
മഹേഷ് മോഹന്‍
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരന് പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മർദിച്ചു. ഇടതുകൈക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റ ഫോട്ടോഗ്രാഫറെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കേരള കൗമുദി ആലപ്പുഴ യൂനിറ്റിലെ ഫോട്ടോഗ്രാഫർ മഹേഷ് മോഹനെയും ബന്ധുവായ യുവാവിനെയുമാണ് പമ്പ് ഓപറേറ്റര്‍ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പമ്പ് ഓപറേറ്റർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകാൻ ബന്ധുവായ ശരത്തിനെ ആലപ്പുഴ ഡിപ്പോയിലെത്തിക്കാനാണ് ജോലിക്ക് വരുംവഴി മഹേഷ് ബസ് സ്റ്റാൻഡിലെത്തിയത്. ബസ് സ്റ്റാൻഡിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്ത് മഹേഷ് സ്കൂട്ടർ വെച്ചതാണ് പമ്പ് ഓപറേറ്ററെ പ്രകോപിപ്പിച്ചത്. സ്റ്റാൻഡിൽ പാർക്കിങ് പാടില്ലെന്ന് പമ്പ് ഓപറേറ്റർ അറിയിച്ചു.
സ്കൂട്ടർ പുറത്തേക്ക് മാറ്റുന്നതിനിടെ മഹേഷിനെ അസഭ്യം പറഞ്ഞ് പമ്പ് ഓപറേറ്റർ മുഖത്ത് അടിക്കുകയായിരുന്നു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ കൈപ്പത്തിക്കും മര്‍ദനമേറ്റു. തടയാൻ ശ്രമിച്ച ശരത്തിനെയും മർദിച്ചു. ഡിപ്പോയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറാണ് ഇരുവരെയും രക്ഷിച്ചത്. തുടർന്ന് മഹേഷും ശരത്തും സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ മഹേഷിനെ പമ്പ് ഓപറേറ്റര്‍ ഭീഷണിപ്പെടുത്തി. പരാതി നൽകിയാല് വകവരുത്തുമെന്നായിരുന്നു ഭീഷണി. അതേസമയം, പമ്പ് ഓപറേറ്ററും സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

