തടസ്സമുണ്ടാക്കിയെന്ന് ആരോപണം: കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ മർദിച്ച് യുവാക്കൾ
text_fieldsഎറണാകുളം: ബൈക്കിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെയും കണ്ടക്ടറെയും യുവാക്കൾ മർദിച്ചു. ഡ്രൈവറെയും കണ്ടക്ടറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ആലുവയിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ബൈക്കിലെത്തിയ യുവാക്കൾ ഹെൽമറ്റ് കൊണ്ട് മര്‍ദിക്കുകയായിരുന്നു. കുട്ടമശ്ശേരിയിൽ വെച്ച് ബസ് കാറിനെ മറികടക്കുമ്പോൾ എതിരെ വന്ന ബൈക്കിന് തടസമുണ്ടായെന്ന് ആരോപിച്ചായിരുന്നു മർദനം. ബസ് കാറിനെ മറികടന്നു വന്നതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.
ആലുവയിൽ നിന്ന് അടൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസിനിടെയായിരുന്നു സംഭവം. ബസ് മഹിളാലയം കവല പിന്നിട്ടപ്പോൾ, ഒരു കാറിനെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ എതിരെ ബൈക്ക് വന്നതിനാൽ ബസ് ബ്രേക്ക് ചെയ്യുകയായിരുന്നു. യാത്ര തുടർന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെയെത്തി യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്. ഉച്ചക്ക് 2.15ന് കുട്ടമശ്ശേരിയിലായിരുന്നു ആക്രണം. ബസിനെ പിന്തുടര്‍ന്നെത്തിയ യുവാക്കൾ ഹെൽമറ്റ് ഡ്രൈവർക്ക് നേരെ എറിഞ്ഞു. എന്നാൽ, ബസിന്റെ വശത്തെ കമ്പിയിൽ തട്ടിയതിനാൽ ഡ്രൈവര്‍ക്ക് പരിക്കേറ്റില്ല. യുവാക്കളാകട്ടെ, വീണ്ടും ബസിനെ പിന്തുടര്‍ന്നെത്തി ബൈക്ക് ബസിന് കുറുകെ നിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കുകയായിരുന്നു.
അടൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കായംകുളം സ്വദേശി ശ്യാംകുമാര്‍, കണ്ടക്ടര്‍ ശാസ്താംകോട്ട സ്വദേശി പ്രവീൺ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടക്ടറുടെ മുഖത്തും കണ്ണിനും പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

