Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് കൊലപാതകം; പിന്നിൽ ലഹരിമാഫിയയെന്ന് പ്രാഥമിക നിഗമനം

text_fields
bookmark_border
ലഹരിസംഘങ്ങൾക്കെതിരെ പൊലീസിന് വിവരങ്ങൾ നൽകുന്ന യുവാവാണ് കൊല്ലപ്പെട്ടത്
കോഴിക്കോട് കൊലപാതകം; പിന്നിൽ ലഹരിമാഫിയയെന്ന് പ്രാഥമിക നിഗമനം
cancel
camera_alt

1) പാളയത്ത് യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് പൊലിസ് പരിശോധന നടത്തുന്നു 2) കൊല്ലപ്പെട്ട വീടിന് സമീപത്ത് കാണപ്പെട്ട രക്തക്കറ

കോഴിക്കോട്: ലഹരിസംഘങ്ങൾക്കെതിരെ പൊലീസിന് വഴികാട്ടിയാവുന്ന യുവാവിന്റെ മരണം കൊലപാതകം തന്നെയെന്ന് സൂചന. പാളയം പച്ചക്കറി മാർക്കറ്റിന് സമീപം താമസിക്കുന്ന 38 വയസ്സുകാരനായ ബിജുവിന്റെ മരണമാണ് ഏറെ ദുരൂഹതകൾ ഉയർത്തിയത്. ഇത് കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് ലഹരി മാഫിയയുടെ സാന്നിധ്യം പതിവാണ്. സമീപത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ യുവാക്കൾ ബൈക്കിലെത്തി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ബിജു പ്രതികരിക്കാറുണ്ട്. ലഹരിസംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറുന്നത് ബിജുവായിരുന്നു. പൊലീസ് പരിശോധനക്കെത്തുമ്പോൾ ബിജു വഴികാട്ടാനായി പോകാറുണ്ട്.

ഇതിന്റെ വൈരാഗ്യമാണ് കൊലക്കു പിന്നിലെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാത്രി പത്തരക്ക് ബിജുവിനെ കണ്ടിരുന്നതായും യുവാവിന് മറ്റു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. തറവാട് വീടിനോട് ചേർന്ന് കുടുംബത്തിന്റെ ഒറ്റമുറി വീട്ടിലാണ് ബിജു താമസിക്കുന്നത്. ക്ഷീരകർഷകനായ ബിജു പശുവിനെ കറക്കാൻ പുലർച്ച എഴുന്നേൽക്കാറുണ്ട്. ഞായറാഴ്ച പുലർച്ച മകൻ എഴുന്നേൽക്കാത്തത് ശ്രദ്ധിച്ച അമ്മ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് നേരിട്ടെത്തി നോക്കിയപ്പോഴാണ് വാതിൽ പുറത്തുനിന്ന് അടച്ചനിലയിൽ കണ്ടത്. തുറന്നുനോക്കിയപ്പോൾ മകൻ രക്തം വാർന്ന നിലയിൽ കിടക്കുന്നതാണ് കണ്ടത്. അമ്മയുടെ നിലവിളി കേട്ട് സമീപവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബത്തിന്റെ സംശയങ്ങൾ പരിശോധിക്കുമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പാളയം മാർക്കറ്റിന് പിറകുവശത്തെ വീട്ടിലാണ് സംഭവം നടന്നത്. ഇവിടേക്ക് നിരവധി ചെറിയ വഴികളുണ്ട്. അക്രമിസംഘം ഏതു ഭാഗത്തുനിന്നാണ് വന്നതെന്നത് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. കസബ ഇൻസ്പെക്ടർ ജിമ്മി, എസ്.ഐ നിമിൻ കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode murder; Initial conclusion is that drug mafia is behind it
Next Story