കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പൊലീസിന്റെ വേഗത്തിൽ ഡിന്നിക്ക് ആശ്വാസം
text_fieldsകോട്ടയം: കൊലപാതകം നടത്തി നാടുകടക്കാൻ ശ്രമിച്ച പ്രതിയെ ചുരുങ്ങിയ സമയംകൊണ്ട് പൊലീസ് പിടികൂടിയതിൽ ഏറെ ആശ്വസിക്കുന്നത് വീട്ടുടമ മണ്ണനാൽ ഡിന്നി സെബാസ്റ്റ്യനാണ്. വിവരമറിഞ്ഞപ്പോൾ അങ്കലാപ്പായിരുന്നു. ആശ്വാസവുമുണ്ട്. സങ്കടമായിട്ട് തോന്നുന്നില്ല, വീടിന് പിന്നിൽ ആഴത്തിൽ മൃതദേഹം മറവുചെയ്ത് ഇയാൾ നാടുവിടുകയും പിന്നീടാണ് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നെങ്കിൽ താൻ കുറ്റാരോപിതനാകുമായിരുന്നു. സ്വപ്ന ഭവനത്തിന്റെ നിർമാണം പൂർത്തിയാക്കി നവംബർ 29ന് വീടിന്റെ ഗൃഹപ്രവേശം നടത്താനിരിക്കെയാണ് ഡിന്നിക്ക് ദുരനുഭവമുണ്ടായത്.
28 സെന്റ് സ്ഥലത്താണ് പുതിയ വീട് നിർമിച്ചത്. പ്രദേശത്തെ കരാർ തൊഴിലാളിയാണ് സോണിയെ ഇവിടെ പണിക്കെത്തിച്ചത്. കഴിഞ്ഞ 8,9,10 തീയതികളിൽ സോണിയും ഭാര്യയും ഇവിടെ ജോലിക്കെത്തിയിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സോണി ഡിന്നിയെ വിളിച്ചിരുന്നു. ബുധനാഴ്ചയേ പണിയുള്ളൂ എന്നും പറഞ്ഞു. വീടിന്റെ മുറ്റത്ത് മണ്ണിട്ട് ഉറപ്പിച്ചശേഷം മെറ്റൽ നിരത്തുമെന്ന് മേസ്തിരി അറിയിച്ചു. ദിവസവും രാവിലെ 8.30നാണ് സോണി എത്തിയിരുന്നത്.
സംഭവദിവസം രാവിലെ ഡിന്നി സോണിയെ ഫോണിൽ വിളിക്കുകയും അയർക്കുന്നത്ത് ഉണ്ടെന്ന് പറയുകയും ചെയ്തു. 9.30ഓടെ സോണി എത്തി. സി.സി.ടി.വി ദൃശ്യം കണ്ട അയൽവാസി ഡിന്നിയെ വിളിച്ച് സംഭവദിവസം രാവിലെ ഏഴിന് സോണിയും ഭാര്യയും വന്ന വിവരമറിയിച്ചു. തിരികെ സോണി മാത്രം മടങ്ങുന്ന ദൃശ്യവും കാണിച്ചു. സംശയംതോന്നിയ ഇവർ കിണറ്റിലും പരിസരത്തും പരിശോധനയും നടത്തിയിരുന്നു.
പ്രതിയെ കുടുക്കിയത് സി.സി.ടി.വി
കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി പൊലീസിൽ പരാതിനൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സോണിയെ കുടുക്കിയത് സി.സി.ടി.വി. 14ന് അയർക്കുന്നം ജങ്ഷനിൽനിന്ന് ഭാര്യയുമായി ഓട്ടോറിക്ഷയിൽ സഞ്ചരിച്ച സോണി അയർക്കുന്നത്തെ കുരിശുപള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇളപ്പാനിയിലെ വീടിന് സമീപത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന കാമറക്കണ്ണുകളിലും ഇരുവരുടെയും ദൃശ്യങ്ങൾ പതിഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴോടെ മണ്ണനാൽ വീട്ടിലെത്തിയ സോണി 7.45ഓടെ മടങ്ങിയത് തനിച്ചാണ്. ഈ ദൃശ്യങ്ങളാണ് അൽപനയുടെ തിരോധാനത്തിന് പിന്നിലെ ചുരുളഴിച്ചത്. സോണിയും അൽപനയും ഇളപ്പാനിയിൽ എത്തിയത് അയർക്കുന്നം സ്റ്റാൻഡിലെ ബെന്നിയുടെ ഓട്ടോറിക്ഷയിലാണ്. ഇരുവരും ഓട്ടോയിൽ ഇരുന്ന് ഒരക്ഷരം പോലും സംസാരിച്ചില്ലെന്നും ബെന്നി പറഞ്ഞു.
കൂസലില്ലായ്മ, നിർവികാരത
സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചും കമ്പിപ്പാര കൊണ്ടു മർദിച്ചും കൊലപ്പെടുത്തിയ കാര്യങ്ങൾ പൊലീസിനോട് വിവരിക്കുമ്പോഴും അൽപനയുടെ വലിച്ചെറിഞ്ഞ ചെരിപ്പ് സമീപത്തെ കാട്ടിൽനിന്നു കണ്ടെടുക്കുമ്പോഴും സോണിയുടെ മുഖത്തുണ്ടായിരുന്നത് തികച്ചും നിർവികാരത.
കൊലയ്ക്ക് പിറ്റേന്നും പതിവുപോലെ ഇയാൾ ജോലിക്ക് എത്തിയിരുന്നതായി പറയുന്നു. ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പ് സോണിയും അൽപനയും ഇവിടെ മണ്ണിട്ട് പുരയിടം ഒരുക്കുന്ന ജോലിക്ക് വന്നിരുന്നു. ഒപ്പമുള്ള പണിക്കാർ ഉൾപ്പെടെ ഭാര്യയെ കുറിച്ച് അന്വേഷിച്ചെങ്കിലും കാണാനില്ലെന്നായിരുന്നും മറുപടി. നിഷ്കളങ്ക ഭാവത്തോടെയുള്ള മറുപടിയിൽ മറ്റു ജോലിക്കാർക്കും സംശയം തോന്നിയില്ല. ഒടുവിൽ ഇവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൊലീസിൽ പരാതി നൽകിയത്.
അന്വേഷണം തുടങ്ങിയ പൊലീസിന് മൊഴികളിൽ തോന്നിയ വൈരുധ്യം ഇയാളെ കുടുക്കുകയായിരുന്നു. ആൺസുഹൃത്തുമായി ബന്ധമുണ്ടെന്ന് പൊലീസിലും സോണി മൊഴി നൽകി. വീണ്ടും ചോദ്യംചെയ്യാൻ പൊലീസ് വിളിച്ചപ്പോൾ ‘മുങ്ങി’യതോടെ സംശയം ബലപ്പെട്ടു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് അഞ്ചുദിവസം മുമ്പ് ഭാര്യ ഒപ്പമുണ്ടായിരുന്നതായും പിന്നീട് അവരെ ‘കാണാതാവു’കയുമായിരുന്നു എന്നും വ്യക്തമായത്. ഒരടി താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

