കൂടത്തിൽ ദുരൂഹത; ആറുപേരുടെ മരണവും അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കരമന കാലടി കൂടത്തിൽ കുടുംബത്തിലെ അവസാനകണ്ണിയായിരുന്ന ജയമാധവൻനായരെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇവിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആറ് പേരുടെ മരണത്തിലേക്കും അന്വേഷണം നീട്ടാൻ അന്വേഷണ സംഘം. 1991നും 2017 നുമിടയിൽ കൂടത്തിൽ കുടുംബത്തിലെ ഏഴ് പേരാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. അതിൽ ജയമാധവന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് ഒമ്പത് വർഷത്തിന് ശേഷം പ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻ നായരെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന നിലക്കാണ് അന്വേഷണം. കോടികളുടെ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം നടന്നതെന്നാണ് കണ്ടെത്തൽ.
കരമന കാലടി കൂടത്തിൽ എന്ന സമ്പന്ന കുടുംബത്തിന്റെ ‘ഉമാമന്ദിരം’ എന്ന വീട്ടിൽ 1991നും 2017നും ഇടയിലായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ നാരായണപിള്ളയുടെ മകൻ ജയമാധവൻ നായർ, മറ്റൊരു സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ മരണങ്ങളാണ് ഇപ്പോൾ കൊലപാതകമാണെന്ന ദുരൂഹത വളർത്തുന്നത്. കൂടത്തിൽ കുടുംബത്തിനു നഗരത്തിൽ പലയിടത്തും കോടിക്കണക്കിന് രൂപയുടെ ഭൂമിയും കെട്ടിടങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ ഭൂമി തട്ടിയെടുക്കാൻ പലരും ശ്രമങ്ങൾ നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അതിനാൽ ഈ മരണങ്ങളെല്ലാം കൊലപാതകമായിരുന്നോയെന്ന സംശയം അന്വേഷണസംഘത്തിനിടയിൽ ശക്തമാക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങളിൽ പലരുടേയും മരണങ്ങൾ നിശ്ചിത ഇടവേളകൾക്കിടയിലായിരുന്നു. 2017 ഏപ്രിൽ രണ്ടിനാണ് ഉമാമന്ദിരത്തിലെ അവസാന അവകാശിയായ ജയമാധവൻ നായർ (63) മരിച്ചത്. ആ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് മറ്റ് മരണങ്ങളിലേക്കും സംശയം ശക്തമാകുന്നത്.
ജയമാധവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലും തുടരുകയാണ്. നിലവിൽ കൂടത്തിൽ കുടുംബത്തിന്റെ സ്വത്ത് പല കൈകളിലാണ്. അതിനാൽ അന്വേഷണസംഘത്തിന്റെ സംശയങ്ങളും ദുരൂഹതകളിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

