കൂടത്തായ് കൂട്ടക്കൊല; സാക്ഷി വിസ്താരം അവസാന ഘട്ടത്തിൽ, വിവാദമായി പുതിയ ഡോക്യുമെൻററി
text_fieldsകോഴിക്കോട്: ആറ് പേരുടെ മരണവുമായി ബന്ധപ്പെട്ട കൂടത്തായ് കൂട്ടക്കൊലക്കേസിൽ റോയ് തോമസ് വധക്കേസ് സാക്ഷി വിസ്താരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ കേസുമായി ബന്ധപ്പെട്ടിറങ്ങിയ ഡോക്യുമെന്ററിയെപ്പറ്റി വിവാദം. കോടതിയിൽ വിചാരണ നടക്കവെ കേസിലെ പരാതിക്കാരും പ്രധാന സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിഭാഗം അഭിഭാഷകനുമെല്ലാം പ്രത്യക്ഷപ്പെടുന്ന ഡോക്യുമെന്ററി കീഴ്വക്കങ്ങൾക്കെതിരാണെന്നാണ് ആരോപണം. നേരത്തേ കേസിനെപ്പറ്റി ഒരു ചാനലിൽ തുടങ്ങാനിരുന്ന സീരിയൽ സാക്ഷിയുടെ പരാതിയിൽ ഹൈകോടതി ഇടപെട്ട് തടഞ്ഞിരുന്നു.
‘കറി ആൻഡ് സയനൈഡ്: ദ ജോളി ജോസഫ് കേസ്’ കേസിനെ ബാധിക്കുന്നതൊന്നും ഡോക്യുമെന്ററിയിൽ
ഇല്ലെന്ന നിലപാടിൽ അന്വേഷണ ഉദ്യോഗസ്ഥർ
ഒ.ടി.ടി പ്ലാറ്റ് ഫോമിൽ കഴിഞ്ഞ ദിവസമിറങ്ങിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കറി ആൻഡ് സയനൈഡ്: ദ ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയെച്ചൊല്ലിയാണ് വിവാദം. പടത്തിൽ ‘അഭിനയി’ക്കുന്നത് യഥാർഥ പരാതിക്കാരും പ്രതിഭാഗം അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥനും ഫോറൻസിക് വിദഗ്ധനടക്കം സാക്ഷികളുമെല്ലാമാണെന്നും ഇത്തരം പ്രവണതകളിലെ അപകടം തിരിച്ചറിയണമെന്നും ആലപ്പുഴ മെഡിക്കൽ കോളജ് ഫോറൻസിക് വകുപ്പ് സീനിയർ സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. ജോളിയുടെ ഭർതൃ സഹോദരൻ റോജോ തോമസ്, ഭർതൃ സഹോദരി രഞ്ചി വിൽസൺ, അഭിഭാഷകൻ ബി.എ. ആളൂർ, അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി. സൈമൺ, കൊച്ചി അമൃത വിശ്വ വിദ്യാപീഠം ഫോറൻസിക് മേധാവി ഡോ.വി.വി. പിള്ള തുടങ്ങിയവരെല്ലാം ഇതിലുണ്ട്.
ജഡ്ജിയെകൂടി പടത്തിൽ അഭിനയിപ്പിക്കാമായിരുന്നെന്നാണ് ഡോ. കൃഷ്ണൻ ബാലേന്ദ്രൻ കുറിപ്പിൽ പരിഹസിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ വിചാരണകോടതിയിൽ ജഡ്ജിതന്നെ ഇതിനെപ്പറ്റി പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ സ്പെഷൽ പ്രോസിക്യൂട്ടർമാരടക്കമുള്ളവരെയും നിർമാതാക്കൾ സമീപിച്ചെങ്കിലും അവർ നിരസിക്കുകയായിരുന്നു. പൊതുവായ കാര്യങ്ങൾ മാത്രമേ പറയുന്നുള്ളൂവെന്നും കേസിനെ ബാധിക്കുന്നതൊന്നും ചിത്രത്തിൽ വന്നിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എങ്കിലും കേസ് നടക്കുമ്പോഴുള്ള അഭിമുഖങ്ങൾ ഒഴിവാക്കേണ്ടതാണെന്നാണ് നിയമ വിദഗ്ധരുടെ കാഴ്ചപ്പാട്.
മാർച്ചിൽ വിധി വന്നേക്കും
ഈ കൊല്ലം മാർച്ച് എട്ടിന് തുടങ്ങിയ സാക്ഷി വിസ്താരത്തിൽ നിലവിൽ 112 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. 2024 മാർച്ചിൽ അന്തിമ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. 235 രേഖകൾ ഹാജരാക്കി. സയനൈഡും നടപടിക്രമങ്ങൾ പകർത്തിയ കാമറയുമടക്കം 22 തൊണ്ടി സാധനങ്ങളും ഹാജരാക്കി.
മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന ആർ. ഹരിദാസടക്കം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ഫോൺകോൾ റിക്കാർഡിനെപ്പറ്റി പറയുന്ന ഉദ്യോഗസ്ഥരുമുൾപ്പെടെ 20 ഓളം സാക്ഷികളുടെ വിസ്താരമാണ് ഇനി നടക്കേണ്ടത്. പ്രതിഭാഗത്തിന്റെ അസൗകര്യവും മറ്റും കാരണം മാറ്റിയ 30 സാക്ഷികളുടെ എതിർവിസ്താരവും ബാക്കിയുണ്ട്. കേസിൽ മൊത്തം 268 സാക്ഷികളുണ്ടെങ്കിലും ചിലരെ ഒഴിവാക്കി. നാല് സാക്ഷികൾ കൂറുമാറി. മേയിൽ ജഡ്ജിന്റെ സ്ഥലം മാറ്റം വരാനുള്ള സാധ്യതയുണ്ട്. ജോളിയുടെ ഹരജി പ്രകാരം ഇൻ കാമറയായി രഹസ്യമായാണ് വിസ്താരം.
നിലവിൽ നടക്കുന്നത് റോയ് തോമസ് വധക്കേസ്
പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) ആദ്യഭർത്താവ് റോയ് തോമസടക്കം ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. 2011ൽ മരിച്ച റോയ് തോമസിന്റെ കേസ് മാത്രമാണിപ്പോൾ പരിഗണിക്കുന്നത്. മറ്റ് അഞ്ചുപേരെ കൊന്നുവെന്ന കേസുകൾ ഇനിയും വിസ്തരിക്കേണ്ടതുണ്ട്. മൊത്തം നാല് പ്രതികളിൽ ജോളിയും എം.എസ്.മാത്യുവെന്ന ഷാജിയുമടക്കം രണ്ട് പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

