കൊൽക്കത്ത ലോ കോളജ് കൂട്ട ബലാത്സംഗക്കേസ്: കോളജ് സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസിൽ സൗത്ത് കൊൽക്കത്ത ലോ കോളജ് സെക്യൂരിറ്റി ഗാർഡിനെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജിയെ(55) ആണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ വ്യക്തിയാണ് ഇയാൾ. ശനിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നാരോപിച്ചാണ് ഇയാളെ പ്രതിചേർത്തത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ തന്റെ മുറിപോലും വിട്ടുകൊടുത്ത പിനാകി, കോളജിന്റെ ഗേറ്റ് പൂട്ടി പുറത്ത് കാത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോളജിലെ സെക്യൂരിറ്റി ഗാർഡിന്റെ മുറിയിൽ വെച്ച് മൂന്നുപേർ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ഒന്നാംവർഷ നിയമ ബിരുദ വിദ്യാർഥിനിയായ 24കാരിയുടെ പരാതി. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേസിലെ ആദ്യ മൂന്നുപ്രതികളെയും കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി ഗാർഡ് എന്നയാളെ പുറത്തുപോകാൻ ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികളിലൊരാൾ ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് അതിജീവിതയുടെ പരാതിയിലുള്ളത്. ആ സമയത്ത് മറ്റ് രണ്ടുപേർ സംഭവം നോക്കിനിന്നു. ജൂൺ 15ന് നടന്ന സംഭവം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്.
ലോ കോളജിലെ മുൻ വിദ്യാർഥിയായ മനോജ് മിശ്ര(31), നിയമ വിദ്യാർഥികളായ സായിബ് അഹ്മദ്(19), പ്രമിത് മുഖോപാധ്യായ്(20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മനോജ് മിശ്ര അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ഇയാൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിലെ അംഗമാണെന്നും പൊലീസ് പറഞ്ഞു.
ജൂൺ 15ന് തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ യോഗം കഴിഞ്ഞ ശേഷം കോളജിന് പുറത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു അതിജീവിത. എന്നാൽ കുറച്ചു സമയം കൂടി കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് മുഖ്യപ്രതി തടഞ്ഞുനിർത്തി. അതിനു ശേഷം സെക്യൂരിറ്റി ഗാർഡിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒപ്പമുണ്ടായിരുന്ന രണ്ടുപേരോട് വാതിലടക്കാൻ മുഖ്യപ്രതി ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പെൺകുട്ടി വിട്ടയക്കാൻ ആവശ്യപ്പെട്ടു. കരഞ്ഞുപറഞ്ഞിട്ടും കേൾക്കാൻ അവർ തയാറായില്ല. താനൊരാളുമായി പ്രണയത്തിലാണെന്നും അവരുടെ ഉദ്ദേശ്യം നടക്കില്ലെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ മുഖ്യപ്രതി പെൺകുട്ടിയെ മർദിച്ചു. അതിനു ശേഷം ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനിടെ ഹോക്കിസ്റ്റിക്ക് കൊണ്ട് പെൺകുട്ടിയുടെ തലക്കടിച്ചു. ആ സമയത്ത് മറ്റുള്ളവർ അത് നോക്കി നിന്നു. മുഖ്യപ്രതിക്കു ശേഷം മറ്റുള്ളവരും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിന്റെ ദൃശ്യങ്ങളും പകർത്തി.
സംഭവം പുറത്തുപറഞ്ഞാൽ ആൺസുഹൃത്തിനെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്നും മൂവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. മൂന്നുമണിക്കൂറിന് ശേഷമാണ് അതിജീവിതയെ പ്രതികൾ വിട്ടയച്ചത്. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ ജൂലൈ ഒന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

