കാർത്തിക് സിങ് വധം: പിന്നിൽ വംശവെറിയെന്ന് സൂചന, മുറിവേറ്റ് പിടയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ
text_fieldsമംഗളൂരു: കോലാർ എസ്.ഡി.സി കോളജ് വിദ്യാർഥി കാർത്തിക് സിങ് (17) കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ വംശവെറിയെന്ന് സൂചന. ജന്മദിനങ്ങൾ ഉൾപ്പെടെ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന സിങ് നേരത്തേയും അക്രമത്തിന് ഇരയായിരുന്നു. കൊലയാളി സംഘത്തലവൻ ദിലീപ് എന്ന ഷൈനിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ശൈശവ കാലം പിന്നിട്ടാൽ ജന്മദിനം ആഘോഷിക്കാത്ത സാഹചര്യത്തിൽ വളരുന്ന കാർത്തിക് സിങ് സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ക്ഷണങ്ങളിൽ നിന്ന് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായാണ് ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വയറുവേദന എന്ന കാരണത്താൽ കാർത്തിക് കോളജിൽ പോയതേയില്ല. അന്ന് വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. രക്തം വാർന്ന് മരണം സംഭവിച്ചു എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
കോലാർ പി.സി ലേഔട്ടിൽ താമസിക്കുന്ന പെയിന്റർ അരുൺ സിങിന്റെ മകനായ കാർത്തിക് പ്രീ യൂണിവേഴ്സിറ്റി (പിയു) ഒന്നാം വർഷ വിദ്യാർഥിയാണ്. സംഭവ ദിവസം വീട്ടിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ച് പേട്ട ചമനഹള്ളി ഗവ. സ്കൂൾ ലേഔട്ട് പരിസരത്ത് കൊണ്ടുവന്ന് അക്രമിച്ച് കൊല്ലുകയായിരുന്നു.
വൈകുന്നേരം അഞ്ചരയോടെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചതിനെത്തുടർന്ന് പുറത്തേക്ക് പോവുകയായിരുന്നു കുട്ടി. ഏഴ് മണിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. ഒമ്പത് മണിയോടെ ആരോ വിളിച്ച് കാർത്തികിനെ അക്രമിച്ച് കൊന്നതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഷർട്ട് അഴിച്ച ശേഷം അക്രമിച്ച നിലയിലായിരുന്നു മൃതദേഹം.
മാരക മുറിവേറ്റ കുട്ടി പിടയുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദിലീപ് ആണ് കാർത്തികിനെ ഫോണിൽ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി. അക്രമി സംഘത്തിൽ ആറ് പേരുണ്ടായിരുന്നു എന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു.
എട്ട് മാസം മുമ്പ് കാർത്തിക് അക്രമത്തിന് ഇരയായതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിളിച്ച് കൊണ്ടുപോയി ഷർട്ട് അഴിച്ചു മാറ്റി മർദിക്കുകയായിരുന്നു. ജന്മദിന ആഘോഷ ചടങ്ങിൽ പങ്കെടുക്കാത്തതിനായിരുന്നു ആ അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

