കൊച്ചി സിനഗോഗ് തീവയ്പ്പ് കേസ്; പ്രതി എബിന്റെ അക്കൗണ്ടിലേക്ക് വന്നത് 2000 യു.എസ് ഡോളറെന്ന് കണ്ടെത്തൽ
text_fieldsഎബിൻ പോൾ
കൊച്ചി: കൊച്ചിയിലെ സിനഗോഗ് തീവയ്പ്പ് കേസിലെ പ്രതി എബിൻ പോളിന്റെ അക്കൗണ്ടിലേക്ക് വന്നത് 2000 യു.എസ് ഡോളറെന്ന് പൊലീസ് കണ്ടെത്തൽ. തീയിട്ട ചിത്രം പകർത്തി അയച്ചുകൊടുത്താൽ ക്രിപ്റ്റോ വഴി പണമെത്തിയിരുന്നുവെന്നും വിദേശത്തുള്ള ചില ശക്തികളാണ് പിന്നിലെന്നും ആണ് നിഗമനം. ടെലഗ്രാം ചാനൽ വഴിയാണ് ആളുകളെ എബിൻ ബന്ധപ്പെട്ടിരുന്നതെന്നും വലിയ ആക്രമണങ്ങൾ നടത്താൻ പ്രതിയെ പരിശീലിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തീവയ്പ്പിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തതിനും മറ്റുള്ളവർക്ക് പങ്കുവച്ചതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിലെ തീവ്രവാദ ബന്ധം സംശയിച്ച് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കേസിലെ മുഖ്യപ്രതിയായ എബിനെതിരെ യു.എ.പി.എ അടക്കം ചുമത്തിയതിനു ശേഷമാണ് കേസ് എന്‍.ഐ.എക്ക് കൈമാറിയിരുന്നത്. പിന്നാലെയാണ് പണമിടപാട് നടന്നെന്ന നിർണായക കണ്ടെത്തൽ.
കേസ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു.
ഒക്ടോബർ 12ന് നടന്ന സംഭവത്തിലാണ് കോലഞ്ചേരി സ്വദേശിയായ 32കാരൻ എബിൻ പോൾ അറസ്റ്റിലായത്. സിനഗോഗ് ആക്രമണത്തിന് പുറമെ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതായും ആളൊഴിഞ്ഞ വീടിനുനേരെ ആക്രമണം നടത്തിയതായും ഇയാൾ സമ്മതിച്ചിരുന്നു. നിലവിൽ നാല് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. ലോറൻസ് ബിഷ്‍ണോയ് സംഘത്തിന്റെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പുകളിൽ ഇയാൾ അംഗമായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

