കൊച്ചിയിൽ എം.ഡി.എം.എ വേട്ട; യുവതിയടക്കം മൂന്ന് പേർ പിടിയിൽ, പിടിച്ചെടുത്തത് 306 ഗ്രാം ലഹരിമരുന്ന്
text_fieldsകൊച്ചി: ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി കൊച്ചി സിറ്റിയിൽ എം.ഡി.എം.എ വേട്ട. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി യുവതിയടക്കം മൂന്ന് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 306.468 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
കളപ്പുരയ്ക്കൽ റോഡിന് സമീപം ലോഡ്ജിൽ നിന്ന് ചേർത്തല തിരിഛാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23), ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്‌ന സൂസൻ ജൂബി (20) എന്നിവരാണ് ആദ്യത്തെ സംഘത്തിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 199.038 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് നടത്തിയ പരിശോധനയിൽ കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി. പൈ (34) എന്നയാളെ 107.430 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശ പ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.ഡി. സുനിൽ കുമാർ, എറണാകുളം അസിസ്റ്റന്റ് കമീഷണർ പീറ്റർ, സെൻട്രൽ അസിസ്റ്റന്റ് കമീഷണർ സിബി ടോം, എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

