ഉച്ചക്കട മോഷണം; യുവതി പിടിയിൽ
text_fieldsകോവളം: വിഴിഞ്ഞം ഉച്ചക്കടയിലെ സ്വർണപ്പണയ സ്ഥാപനമുടമയെ ബൈക്കിടിച്ചിട്ട് ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണവും മൂന്നേമുക്കാൽ ലക്ഷം രൂപയും കവർച്ച നടത്തിയ കേസിൽ ഒരു യുവതിയെകൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
കവർച്ചയുടെ സൂത്രധാരനും ഒന്നാംപ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിളമേലേ വീട്ടിൽ നവീൻ സുരേഷിന്റെ ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബാഗിൽനിന്ന് രണ്ടുപവൻ സ്വർണവും നാലരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഒന്നാംപ്രതി നവീൻ സുരേഷ് (28), രണ്ടാംപ്രതി കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത് (34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ എന്ന വിമൽകുമാർ (23) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഒന്നാംപ്രതി നവീൻ സുരേഷിനെ കഴിഞ്ഞദിവസം വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതിൽ നിന്നായിരുന്നു കവർച്ച ചെയ്ത സ്വർണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നൽകിയത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിനീഷയെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ നെടുമങ്ങാടുള്ളതായി കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലായിരുന്നു നെടുമങ്ങാടുള്ള ഒരു ജ്വല്ലറിയിൽ സ്വർണം വിൽക്കുന്നതിനിടെ പിടികൂടിയത്.
കുറച്ച് സ്വർണം ആദ്യം ഒരു ജ്വല്ലറിയിൽ വിറ്റശേഷം അതേ നിരയിലുള്ള മറ്റൊരു ജ്വല്ലറിയിലെത്തി വീണ്ടും സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും കവർച്ച നടത്തിയ സ്വർണം വിറ്റവകയിൽ ലഭിച്ച നാലരലക്ഷം രൂപയാണ് യുവതിയുടെ കൈയിൽനിന്ന് പിടികൂടിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 27ന് രാത്രിയായിരുന്നു കവർച്ച നടന്നത്. ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുക്യതാ ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻവീട്ടിൽ വയോധികനായ പത്മകുമാറിനെ ആക്രമിച്ചാണ് പ്രതികൾ പണവും സ്വർണവുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. കൊലപാതകക്കേസ്, മോഷണം, പിടിച്ചുപറി തുടങ്ങി തിരുവനന്തപുരം ജില്ലയിലെ സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലായി 18ഓളം കേസിലെ പ്രതിയാണ് നവീൻ സുരേഷ്. കരമനയിൽ നടന്ന കൊലപാതകത്തിലെ കൂട്ടുപ്രതിയാണ് പിടിയിലായ യുവതി.
വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു. എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ കെ.എൽ. സമ്പത്ത്, ജി. വിനോദ്, ലിജോ പി. മണി, വനിത എ.എസ്.ഐമാരായ ചന്ദ്രലേഖ, മൈന, സി.പി.ഒമാരായ അരുൺ മണി, ഷൈനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

