കത്തികൊണ്ട് ആക്രമണം: അയൽവാസികൾ അറസ്റ്റിൽ
text_fieldsലിജേഷ്, അഭിരാജ്
തൃശൂർ: വീട്ടിലെത്തി വീട്ടുകാരനെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വടൂക്കര അയ്യപ്പൻകാവിൽ ഊരാളി വിളയിൽ മുത്തുകുമാറിനെ ആക്രമിച്ച അയൽവാസികളായ കുളങ്ങാട്ട് ലിജേഷ് എന്ന അപ്പു, കുരുക്കശ്ശേരി അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 29ന് രാത്രി 10.30ഓടെ ലിഗേഷും അഭിരാജും ചേർന്ന് മദ്യപിച്ചുകൊണ്ടിരിക്കെ അഭിരാജ് മുത്തുകുമാറിന്റെ വീട്ടിലെത്തി തൊട്ടുകൂട്ടാൻ കറി ചോദിക്കുകയായിരുന്നു. ഇതേതുടർന്നുണ്ടായ തർക്കത്തിനിടയിലാണ് ലിഗേഷ്, വീട്ടിൽനിന്ന് കത്തി എടുത്തുകൊണ്ടുവന്ന് മുത്തുകുമാറിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ലിഗേഷിന്റെ സ്കൂട്ടറിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞ പ്രതികളെ പിറ്റേന്ന് രാവിലെത്തന്നെ തൃശൂർ ടൗണിൽ ഒളിവിൽ കഴിയവേ പൊലീസ് പിടികൂടുകയായിരുന്നു.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനിൽ, ഓപറേഷൻ കാവൽ സ്ക്വാഡ് അംഗങ്ങളായ പ്രദീപ്, നവീൻ, നെടുപുഴ പൊലീസ് സ്റ്റേഷനിലെ രതീഷ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വധശ്രമത്തിനു കേസെടുത്ത പൊലീസ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളിൽ നിന്ന് കത്തി കണ്ടെടുത്തു. തൃശൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.