കിഴക്കമ്പലം ആക്രമണം: അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsകിഴക്കമ്പലം: ക്രിസ്മസ് രാത്രി കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. 174 അന്തര്‍ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ട് 13 ദിവസം കഴിഞ്ഞെങ്കിലും തുടരന്വേഷണം എങ്ങുമെത്തിയില്ല. പൊലീസിനെ കൊല്ലാന്‍ ശ്രമിച്ചതായാണ് എഫ്.ഐ.ആര്. 500ഓളം വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചെത്തി സംഘര്‍ഷം ഉണ്ടായ സാഹര്യത്തില്‍ തന്നെ സംഭവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളും ഉയര്‍ന്നിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
പൂര്‍ണമായും കമ്പനി നിയന്ത്രണത്തിലുള്ള പ്രദേശത്ത് എങ്ങനെ മയക്കുമരുന്ന് എത്തിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നില്ല. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം എന്ത്, തൊഴിലാളികള്‍ വാഹനം കത്തിക്കാൻ ഉപയോഗിച്ച രാസവസ്തു എന്താണ് തുടങ്ങി നിരവധി കാര്യങ്ങൾ കണ്ടെത്തേണ്ടതുെണ്ടങ്കിലും അന്വേഷണത്തിന് പുരോഗതിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിന് പുറമെ ലേബര്‍ കമീഷണര്‍, എക്സൈസ് ഉദ്യോഗസ്ഥര്‍, ആർ.ഡി.ഒ എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ സമാന്തര അന്വേഷണവും ആരംഭിച്ചിരുന്നു. കേസ് അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. നേരത്തേ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ കമ്പനിയില്‍ പരിശോധന നടത്തി കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപടി നിർത്തിവെക്കുകയായിരുന്നു.