'വാടകക്കൊലയാളികളും ടൊമാറ്റോ കെച്ചപ്പും'; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ, 'ട്വിസ്റ്റുകൾ' നിറഞ്ഞ ഒരു ക്രൈം സ്റ്റോറി
text_fieldsകാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുന്ന ഭാര്യയുടെ കഥ ഏറെ കേട്ടതാണ്. അത്തരത്തിലൊരു സംഭവമായിരുന്നു ഈയിടെ ബംഗളൂരുവിൽ നടന്നത്. എന്നാൽ, അപ്രതീക്ഷിതമായി സംഭവിച്ച ചില 'ട്വിസ്റ്റുകൾ' ഒരു കുറ്റകൃത്യത്തെ സിനിമാക്കഥ പോലെ ഉദ്വേഗം നിറഞ്ഞതാക്കി.
ഭർത്താവായ രവികുമാറിനെ കൊലപ്പെടുത്തി കാമുകനോടൊപ്പം ജീവിക്കുക ലക്ഷ്യമിട്ടാണ് ഭാര്യ അനുപല്ലവിയും കാമുകൻ ഹിമവന്ത് കുമാറും ചേർന്ന് പദ്ധതിയിട്ടത്. ഇതിനായി ഇരുവരും ചേർന്ന് മൂന്ന് വാടകക്കൊലയാളികളെ ഏർപ്പാടാക്കുകയും ചെയ്തു. 90,000 രൂപ അഡ്വാൻസായി നൽകി. ബാക്കി പ്രതിഫലം 1.1 ലക്ഷം രൂപ രവികുമാറിനെ കൊന്ന ശേഷമെന്ന ധാരണയിലെത്തി. ഭർത്താവിനെ എങ്ങനെ തട്ടിക്കൊണ്ടുപോകാമെന്നുള്ളതെല്ലാം അനുപല്ലവിയും കാമുകനും ചേർന്ന് കൃത്യമായി ആസൂത്രണം ചെയ്തിരുന്നു.
മില്ലുടമയായ ഭർത്താവ് രവികുമാർ കാബ് ഡ്രൈവറായും ജോലി ചെയ്യുകയായിരുന്നു. ജൂലൈ 23ന് അനുപല്ലവി ഏർപ്പാടാക്കിയ വാടകക്കൊലയാളികൾ രവികുമാറിന്‍റെ കാബ് വാടകക്ക് വിളിച്ചു. തമിഴ്നാട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടെ മൂവരും ചേർന്ന് രവികുമാറിനെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ തടവിലാക്കി. ഈ വിവരം അനുപല്ലവിയെയും ഹിമവന്ത് കുമാറിനെയും വിളിച്ചറിയിച്ചു.
ആദ്യ ട്വിസ്റ്റ് സംഭവിച്ചത് ഇവിടെയാണ്. ഭാര്യയുടെ ഗൂഢപദ്ധതിയാൽ കൊല്ലപ്പെടാൻ പോകുന്ന ഭർത്താവിനോട് വാടകക്കൊലയാളികൾക്ക് സഹതാപം തോന്നി. അവർ കാര്യങ്ങൾ തുറന്നുപറയുകയും ചെയ്തു. ഇതോടെ രവികുമാറും വാടകക്കൊലയാളികളും തമ്മിൽ സൗഹൃദത്തിലായി.
ഭർത്താവിനെ കൊലപ്പെടുത്തിയതിന്‍റെ ഫോട്ടോ അയച്ചുതരണമെന്ന് അനുപല്ലവി വാടകക്കൊലയാളികളോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മാത്രമേ ബാക്കി പണം നൽകൂ. അതുപ്രകാരം ഭർത്താവിനെ കൊലപ്പെടുത്തിയതിന്‍റെ ഫോട്ടോ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാടകക്കൊലയാളികളും രവികുമാറും തന്ത്രപരമായി ഇടപെട്ടു. അവർ താമസിച്ച വീട്ടിലുണ്ടായിരുന്ന ടൊമാറ്റോ കെച്ചപ്പ് രവികുമാറിനെ നിലത്ത് കിടത്തി മുഖത്തും ദേഹമാസകലവും പുരട്ടി. അത് ഫോട്ടോയെടുത്തു. കണ്ടാൽ രക്തത്തിൽ കുളിച്ച ഒരു മൃതദേഹമാണെന്നേ തോന്നൂ. ഫോട്ടോ അനുപല്ലവിക്ക് അയച്ചുകൊടുത്ത് ബാക്കി പണം കൈപ്പറ്റി.
അപ്രതീക്ഷിതമായി വീണ്ടും ഒരു ട്വിസ്റ്റ് സംഭവിച്ചു. രവികുമാറിനെ കാണാനില്ലെന്ന് കാട്ടി സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണവും തുടങ്ങി. അനുപല്ലവിയോടൊപ്പമുണ്ടായിരുന്ന കാമുകൻ ഹിമവന്ത് കുമാറിന് ഇതോടെ ഭയമായി, ഒപ്പം കുറ്റബോധവും. രവികുമാർ 'കൊല്ലപ്പെട്ട' ഫോട്ടോ കൂടി കണ്ടതോടെ ഇയാളുടെ ഭയം ഇരട്ടിച്ചു. പൊലീസ് തന്നെയും പിടികൂടി ജയിലിൽ അടക്കും എന്ന തോന്നലിൽ ഹിമവന്ത് കുമാർ ആഗസ്റ്റ് ഒന്നിന് ആത്മഹത്യ ചെയ്തു !
ആഗസ്റ്റ് ആറിന് രവികുമാർ വീട്ടിൽ തിരികെയെത്തി. കൊല്ലപ്പെട്ടെന്ന് കരുതിയ ഭർത്താവ് തിരികെയെത്തിയതും അനുപല്ലവി നടുങ്ങി. താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് അവൾക്ക് മനസിലായി. എന്നാൽ, ഭാര്യ കൊടുത്ത ക്വട്ടേഷനാണെന്ന് താൻ മനസിലാക്കിയ കാര്യം രവികുമാർ ആരോടും പറഞ്ഞില്ല. ഭാര്യയോട് അയാൾക്ക് അപ്പോഴും ഏറെ സ്നേഹമായിരുന്നു.
എന്നാൽ, പൊലീസ് രവികുമാറിനെ തേടിയെത്തി. കാണാതായതിന്‍റെ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ നടന്ന കാര്യങ്ങൾ ഇയാൾ വിശദീകരിച്ചു -പക്ഷേ, ഭാര്യയുടെ പങ്ക് മന:പൂർവം മറച്ചുവെച്ചു. ഹിമവന്ത് കുമാറാണ് തന്നെ വധിക്കാൻ കൊലയാളികളെ ഏർപ്പാടാക്കിയതെന്നായിരുന്നു രവികുമാർ പൊലീസിനോട് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനുപല്ലവിയാണ് പദ്ധതിക്ക് പിന്നിലെന്ന് വ്യക്തമായി. സംഭവം അറിയാമായിരുന്ന അവരുടെ അമ്മയും കേസിൽ പ്രതിയായി.
ഹാരിഷ്, മുഗിലൻ, നാഗരാജു എന്നിങ്ങനെയാണ് രവികുമാറിനെ കൊല്ലാതെ വിട്ട വാടകക്കൊലയാളികളുടെ പേരുകൾ. ഇവരെയും അറസ്റ്റ് ചെയ്തു. ഭാര്യയെ വെറുതെവിടണമെന്ന് രവികുമാർ അഭ്യർഥിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് ഇതിന് തയാറായില്ല. ഗൂഢാലോചന, കൊലപാതകത്തിന് പ്രേരിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, തടവിൽവെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

