സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
text_fields1. കുത്തേറ്റ് മരിച്ച സനൽ, 2. പ്രതി അരുൺ
കാഞ്ഞാർ: വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയിൽ കല്ലംപ്ലാക്കൽ സനൽ (50) കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തായ ഉണ്ണി എന്ന ചേലപ്ലാക്കൽ അരുണിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: സനലും അരുണും സംഭവദിവസം സുഹൃത്തുക്കളുമായി ചേർന്ന് മൂലമറ്റത്തുനിന്ന് മദ്യം വാങ്ങി അരുണിന്റെ വീട്ടിലെത്തി മദ്യപിച്ചു. മറ്റ് സുഹൃത്തുക്കൾ പോയശേഷം സനലിന്റെ ഫോൺ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടാവുകയും തുടർന്ന് മൂർച്ചയുള്ള സ്ക്രൂഡ്രൈവർപോലത്തെ വസ്തു ഉപയോഗിച്ച് അരുൺ സനലിനെ കുത്തുകയുമായിരുന്നു. സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സനലിന്റെ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൃത്യത്തിനുശേഷം അരുൺ അയൽവാസി അനന്തുവിന്റെ വീട്ടിലെത്തി താൻ ഒരാളെ കൊന്ന് വീട്ടിൽ ഇട്ടിട്ടുണ്ടെന്ന് പറയുകയും പൊലീസിനെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാഞ്ഞാർ പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. സനലിന്റെ ഭാര്യ: മായ. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, കാഞ്ഞാർ സി.ഐ സോൾജിമോൻ, പ്രിൻസിപ്പൽ എസ്.ഐ ജിബിൻ തോമസ്, എസ്.ഐമാരായ ഉബൈസ്, സജി പി. ജോൺ, എ.എസ്.ഐ സാംകുട്ടി, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സാനു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചു. ഫോറൻസിക് സംഘം തെളിവ് ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

