പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി പിടിയിൽ
text_fieldsഅരുൺ
കോഴിക്കോട്: പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ ഒരാൾകൂടി പിടിയിലായി. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ കഴിഞ്ഞ പുറക്കാട്ടിരി സ്വദേശി അരുൺ (27) ആണ് സിറ്റി ക്രൈം സ്ക്വാഡും ഡൻസാഫും നടത്തിയ പരിശോധനയിൽ പിടിയിലായത്. വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗൺ അസി. കമീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തു.
അരുണും മുഖ്യപ്രതി നാസറും മുൻകൂട്ടി പദ്ധതി തയാറാക്കിയശേഷം പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.
16കാരിയെ കർണാടകയിലെ ചന്നപട്ടണത്തിനടുത്തുനിന്നാണ് എലത്തൂർ പൊലീസ് മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെയും അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിലാണ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്.
തലക്കുളത്തൂർ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാൾകൂടി പിടിയിലായത്. വാട്സ്ആപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളുടെ രഹസ്യ ചാറ്റ് സംവിധാനത്തിലൂടെയും സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയ പ്രതി പൊലീസ് അന്വേഷിച്ച ആരോടും പിന്നീട് ബന്ധപ്പെടാതെ രഹസ്യകേന്ദ്രങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു.
ഒന്നര മാസത്തോളം ഒളിവിൽ കഴിഞ്ഞാണ് പ്രതി ക്രൈം സ്ക്വാഡിന്റെ പിടിയിലകപ്പെട്ടത്. ഇയാൾക്കെതിരെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിന് കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് തട്ടിക്കൊണ്ടുപോവൽ.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്ത്, ബിജുമോഹൻ, എസ്. ദീപ്തീഷ്, ഡൻസാഫ് അസി. എസ്.ഐ മനോജ് എടയേടത്ത്, സി.പി.ഒമാരായ അർജുൻ, അജിത്ത് കാരയിൽ, സുനോജ്, സൈബർ വിദഗ്ധൻ പി.കെ. വിമീഷ് എന്നിവരുൾപ്പെട്ടതാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

