യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തഴവ കടത്തൂർ കുരുടന്‍റയ്യത്ത് നിസ്സാർ ( 50), മകൻ നൗഫൽ (27) എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
2020 മേയിൽ തഴവ സ്വദേശി നവാസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നേരത്തെ മൂന്ന് പ്രതി ക ൾ അറസ്റ്റിലായിരുന്നു. അന്ന് അറസ്റ്റിലായ ഒരാളുടെ സഹോദരിയെ കാണാതായ സംഭവുമായി ബന്ധപ്പെട്ട് ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധമുണ്ടെന്ന കാരണത്താലാണ് നവാസിന് നേരെയുണ്ടായ ആക്രമണം.
ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടറാണ് കേസ് അന്വേഷിച്ചിരുന്നത്. കരുനാഗപ്പള്ളി എച്ച്.എസ്.ഒ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ്, രാജേന്ദ്രൻ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.