‘തുമ്പില്ലാത്ത കേസിൽ തുമ്പുണ്ടാക്കി തുമ്പ പൊലീസ്’; വ്യാജ ട്രേഡിങ് ആപ്പിലൂടെ 10 ലക്ഷം തട്ടിയ പ്രതിയെ കേരളാ പൊലീസ് പിടികൂടിയത് ഇങ്ങനെ...
text_fieldsകോഴിക്കോട്: വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി കർണാടക സ്വദേശി പ്രകാശ് ഈരപയെ കേരളത്തിലെത്തിച്ച സാഹസിക യാത്ര വിവരിച്ച് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കർണാടക അശോക് നഗറിൽ പ്രതിയെ തേടിയെത്തിയതും പൊലീസിന്‍റെ സഹായം തേടിയതും പ്രതികളുടെ കൂട്ടാളികളെത്തി ഭീഷണിപ്പെടുത്തിയതും അവസാനം പ്രതിയുമായി കേരളത്തിലെത്തിയും എഫ്.ബി പോസ്റ്റിൽ കേരളാ പൊലീസ് വിവരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്ററായത് മുതൽ അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിരുന്നു. പ്രത്യേകിച്ച് തെളിവുകൾ ഒന്നുമില്ലാതിരുന്ന കേസിൽ പഴുതടച്ച അന്വേഷണത്തിനൊടുവിൽ കർണാടക സ്വദേശിയായ പ്രകാശ് ഈരപയാണ് പ്രതിയെന്ന് തുമ്പ പൊലീസ് മനസിലാക്കി.
പ്രതിയെ പിടികൂടിയതോടെ പണം നഷ്ടപ്പെട്ടയാൾക്ക് 10 ലക്ഷം ട്രാൻഫർ ചെയ്യാമെന്നും പൊലീസ് ചോദിക്കുന്നതെന്തും കൊടുക്കാമെന്നും പറഞ്ഞ് പൊലീസ് സംഘത്തെ സ്വാധീനിക്കാനായി പ്രതിയുടെ ശ്രമം. വഴങ്ങാതായതോടെ ഇയാളുടെ കൂട്ടാളികളെത്തി പൊലീസിനോട് ഭീഷണി മുഴക്കാൻ തുടങ്ങി. ഒടുവിൽ അന്വേഷണ സംഘം കർണാടക പൊലീസിന്‍റെ സഹായം തേടി. തുടർന്ന് അശോക് നഗറിലെ ലോക്കൽ പൊലീസ് പ്രതിയുമായി സ്റ്റേഷനിലെത്തി. അവിടെ രാഷ്ട്രീയക്കാരും പ്രതിയുടെ ഗുണ്ടകളും കാത്തു നിൽപ്പുണ്ടായിരുന്നു. അവിടത്തെ എസ്.എച്ച്.ഒയും കേരള പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു. പ്രയോജനമില്ലെന്ന് കണ്ടതോടെ സ്റ്റേഷനിലെ പൊലീസുകാർ അപ്രത്യക്ഷമായി.
എന്തും വരട്ടേയെന്ന് കരുതി കേരള പൊലീസ് പ്രതിയെ വൈദ്യപരിശോധനക്കായി പുറത്തിറക്കി. പുറത്ത് അക്രമിസംഘം വളഞ്ഞപ്പോൾ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. ഇതോടെ സ്റ്റേഷനിലെ ജി.ഡി ആൾക്കൂട്ടത്തിന് എന്തോ സിഗ്നൽ കൊടുത്തരുതോടെ പ്രതിഷേധിച്ചവർ വഴിമാറി. തുടർന്ന് ഓട്ടോയിൽ പ്രതിയെ ആശുപത്രിലെത്തിച്ചു. പക്ഷെ, അപ്പോഴേക്കും മജിസ്ട്രേറ്റ് പൊയ്ക്കഴിഞ്ഞിരുന്നു. മജിസ്ട്രേറ്റിന്റെ ഫോൺ നമ്പർ ചോദിച്ചിട്ട് ആരും നൽകിയില്ല.
പുറത്തിറങ്ങിയാൽ അവിടെ കാത്തുനിൽക്കുന്ന പ്രതിയുടെ ഗുണ്ടകൾ പ്രതിയെ ബലമായി കൊണ്ടുപോകും എന്നതായിരുന്നു സ്ഥിതി. കോടതി മുറികൾ അടച്ചു തുടങ്ങിയതോടെ അന്വേഷണ സംഘം പ്രതിയുമായി സമീപത്തെ ലീഗൽ സർവിസ് അതോറിട്ടി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന മജിസ്ട്രേറ്റ് റാങ്കിലെ ഓഫിസറോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ലീഗൽ സർവിസ് അതോറിട്ടിയുടെ മേൽനോട്ടത്തിൽ പ്രതിയുമായി മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തി.
അപ്പോഴും പ്രതിയുടെ ഗുണ്ടകൾ സംഘത്തെ പിന്തുടർന്നിരുന്നു. മജിസ്ട്രേറ്റിനോട് കാര്യങ്ങൾ വിവരിച്ചെങ്കിലും അടുത്ത ദിവസം വരാനാണ് ആവശ്യപ്പട്ടത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നത് മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചപ്പോഴാണ് ഉത്തരവിറക്കിയത്. ഇതിനിടെ പുറത്ത് തടിച്ചുകൂടി നിന്ന ഗുണ്ടകൾ പ്രതിയെ വിട്ടുകിട്ടണമെന്ന് ബഹളം വച്ചതോടെ മജിസ്ട്രേറ്റ് സുരക്ഷ ഉദ്യേഗസ്ഥരെ വിളിച്ചു വരുത്തി ഗുണ്ടകളെ തുരത്തി. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുമായി കേരളത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

