ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മരണകാരണം ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
text_fieldsപത്തനംതിട്ട: ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. വിവാഹിതയായ യുവതിയുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ അച്ഛൻ അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരെ കേസിൽ പ്രതിചേർത്തു. ക്രൂരമായ മർദനമാണ് സന്ദീപിന് ഏൽക്കേണ്ടി വന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വാരിയെല്ലുകൾ മർദനമേറ്റ് ഒടിഞ്ഞ് ആന്തരിക അവയവങ്ങളിലേക്ക് തുളച്ചുകയറിയിരുന്നു. കുഴിയിലേക്ക് തള്ളിയിട്ടതിനെത്തുടർന്ന് തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. ഇതാണ് കൊലപാതകം എന്ന സ്ഥിരീകരണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. എന്നാൽ, കൊലപാതകമെന്ന സംശയം തുടക്കം മുതൽ കുടുംബം ഉന്നയിച്ചിരുന്നു.
സമീപവാസിയും വിവാഹിതയുമായ യുവതിയുമായി സന്ദീപിന് അടുപ്പമുണ്ടായിരുന്നു. ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ സന്ദീപ് തീരുമാനിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ അച്ഛൻ കൃഷ്ണൻകുട്ടിയും സുഹൃത്ത് ഗോപിയും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം കാറിൽ കടന്നുകളഞ്ഞ പ്രതികളെ നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. നായാട്ടുസംഘം കൂടിയായ ഇവരെ വനമേഖലയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ വാഹനത്തിൽനിന്ന് നാടൻതോക്കും അതിൽ നിറയ്ക്കുന്ന മരുന്നും മറ്റ് ആയുധങ്ങളും കണ്ടെടുത്തിരുന്നു. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ആംസ് ആക്ട് ചുമത്തിയാണ് ആദ്യം കേസെടുത്തത്. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നതോടെ പൊലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
നാടൻതോക്കിന്റെ പാത്തി ഉപയോഗിച്ച് മർദിച്ചതായി പ്രതികൾ മൊഴി നൽകി. ആയുധം കൈവശം വെച്ച കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പുതിയ കേസെടുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

