സ്വർണവും പണവും കവർന്ന കേസിൽ യുവതി അറസ്റ്റിൽ
text_fieldsഹസീന
കുണ്ടറ: വിവാഹാലോചന സംസാരിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തിയ വൃദ്ധനെ മർദ്ദിച്ച് സ്വർണവും പണവും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീന (33) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. ആയിരംതെങ്ങ് സ്വദേശി ബാബു (68) ആണ് പരാതിക്കാരൻ. കഴിഞ്ഞ ജൂൺ 16ന് ബന്ധുവിന്റെ വിവാഹാലോചന സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഹസീന ബാബുവിനെ കേരളപുരത്തേക്ക് വിളിച്ചുവരുത്തിയത്.
അവിടെനിന്ന് ഹസീനയാണ് ബാബുവിനെ സ്കൂട്ടറിൽ നെടിവിള അമ്പലത്തിന് സമീപത്തെ വീട്ടിലെത്തിച്ചത്. സംസാരിച്ചിരിക്കവെ വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പുരുഷന്മാർ ചേർന്ന് ബാബുവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണും പഴ്സിലുണ്ടായിരുന്ന 5000 രൂപയും തട്ടിയെടുക്കുകയും ആറു ഗ്രാം സ്വർണമോതിരവും കഴുത്തിലണിഞ്ഞിരുന്ന മൂന്നേകാൽ പവന്റെ മാലയും കവരുകയുമായിരുന്നു.
പിന്നാലെ ഹസീനയും ബാബുവും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളെടുത്ത് വിവരം പുറത്തുപറഞ്ഞാൽ മക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് ബാബുവിനെ കടവൂർ പാലത്തിന് സമീപം ഇറക്കിവിടുകയായിരുന്നു. ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭയത്താൽ രണ്ട് ദിവസത്തിനുശേഷമാണ് പരാതി നൽകിയത്. ഹസീനക്കൊപ്പം കൃത്യത്തിൽ പങ്കെടുത്ത മറ്റ് രണ്ടുപേരെ പിടികൂടാനായില്ല. ഹസീനയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

