വീടിന് മൂന്ന് പൂട്ടുകൾ, പ്രതി തങ്ങിയത് 'ബറുണ്ടി'യിൽ; രാസലഹരി കേസിലെ മുഖ്യ പ്രതി സാമുവൽ ഓസ്ലൻ പിടിയിൽ
text_fieldsരാസലഹരിക്കേസിലെ മുഖ്യപ്രതി ജീൻ പിയറി സറി എന്ന സാമുവൽ ഓസ്ലനെ കൊണ്ടുവരുന്നു
തൃക്കരിപ്പൂർ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആഫ്രിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന കോളനിയാണ് ബറുണ്ടി. ഇവിടെ നിന്നാണ് രാസലഹരി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുഖ്യ പ്രതി സാമുവൽ ഓസ്ലനെ എടുക്കേണ്ടിയിരുന്നത്. കോളനിയിൽ പ്രവേശിക്കുക പോലും എളുപ്പമുള്ളതായിരുന്നില്ല. പ്രതി താമസിക്കുന്ന വീട് കണ്ടെത്തി നോക്കുമ്പോൾ താഴുകൾ മൂന്നെണ്ണം. വീടിന് വെളിയിൽ ഇറങ്ങുന്നവർ അപ്പപ്പോൾ താഴുകൾ പൂട്ടിയിടും. വാതിലിന്റെ ഇരുവശവും നിരീക്ഷണ കാമറകൾ.
രാസലഹരിയുടെ പ്രഭവകേന്ദ്രം ഇവിടെയാണെന്ന് ഉദ്യോഗസ്ഥർ അനുമാനിച്ചു. പ്രതി ബറുണ്ടി വിട്ട് പുറത്ത് വരുന്നത് വരെ കാത്തിരിക്കുക മാത്രമായിരുന്നു ഉദ്യോഗസ്ഥർക്ക് ചെയ്യാനുണ്ടായിരുന്നത്. പിടികൂടുമ്പോൾ കാമുകിക്കൊപ്പം തെരുവിൽ നടക്കുകയായിരുന്നു പ്രതി. കേരള പൊലിസിന്റെ പൂട്ടിൽ സാമുവൽ കുടുങ്ങുന്നത് ഇവിടെയാണ്.
അവ്യക്തമായ ഫോട്ടോ വെച്ചായിരുന്നു ആദ്യത്തെ അന്വേഷണം. പിന്നീട് ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറി ബോയ് വഴി ഒരു നമ്പർ തരപ്പെട്ടു. ഈ നമ്പർ ഓണായി നിന്നത് കഷ്ടിച്ച് പത്തുമിനിട്ടാണ്. ഇതിനകം സൈബർ വിങ്ങിന്റെ പിന്തുണയോടെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. 11 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിച്ചേർന്നത്. ഇതേ കേസിൽ ചന്തേര പൊലീസിലെ മറ്റൊരു സംഘം മിസോറമിലും പശ്ചിമ ബംഗാളിലും അന്വേഷണം തുടരുകയാണ്.
മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ പണമിടപാട് നടത്തിയിരുന്നത്. ഇതത്രയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് പണം കൊടുത്ത് വാങ്ങിയവയാണ്. സിമ്മുകളും യഥേഷ്ടം വാങ്ങിയിട്ടുണ്ട്.വിദ്യാർഥി വിസയിൽ 2017 ലാണ് സാമുവൽ ഇന്ത്യയിൽ എത്തിയത്. 2025നു ശേഷം പാസ്പോർട്ട് പുതുക്കിയിട്ടില്ല.
കേരളത്തിൽ എറണാകുളത്ത് ഉൾപ്പെടെ സ്പാകളിൽനിന്നാണ് ലഹരി ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. പൊലിസ് നീക്കങ്ങൾ അപ്പപ്പോൾ അറിയിക്കാൻ മാഫിയക്ക് പ്രത്യേകം സമൂഹമാധ്യമ കൂട്ടായ്മകൾ ഉണ്ടെന്ന് പൊലിസ് കണ്ടെത്തി. അറസ്റ്റിലായവരുടെ ഫോണിൽനിന്ന് പോലും ഇത്തരം സന്ദേശങ്ങൾ പോയിട്ടുണ്ട്.
ഇത് കണക്കിലെടുത്ത് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. ഉത്തരേന്ത്യയിൽ മുഴുക്കൈയൻ ഷർട്ട് ധരിച്ച് വേഷപ്രച്ഛന്നരായാണ് പൊലിസ് സംഘം സഞ്ചരിച്ചത്. കേസിലെ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് ലഹരി സൗഹൃദം ദൃഢമായത്. ജാമ്യത്തിലിറങ്ങിയ ശേഷം വാട്സ്ആപ് വഴി ബന്ധപ്പെടുകയും ചെയ്തു. മയക്കുമരുന്ന് വിൽപനക്കായി കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് ചന്തേര പൊലിസിന്റെ പിടിവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

