ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി; കൊല്ലം സ്വദേശി അറസ്റ്റിൽ
text_fieldsഗോകുൽ കൃഷ്ണയും കൊല്ലപ്പെട്ട ഗംഗയും
ബംഗളൂരു: നഗരത്തിലെ കോട്ടൺപേട്ട് മസ്താൻ ദർഗക്ക് സമീപം ഒ.ടി.സി റോഡിലെ റിലെൻസി ലോഡ്ജിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ യുവാവ് കുത്തി കൊലപ്പെടുത്തി.
പന്തളം കുരമ്പാല ആതിരമല ശിവഗംഗയിൽ അനിൽകുമാർ ബിന്ദു ദമ്പതികളുടെ മകൾ ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് മുമ്പ് പ്രതി കത്തി വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെ ലോഡ്ജിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇത് രൂക്ഷമായതോടെ ഗോകുൽ കൃഷ്ണൻ ഗംഗയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞ് കോട്ടൺപേട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം തൊഴിൽ അന്വേഷണത്തിലായിരുന്നു ഗംഗ. ഗോകുൽ കൃഷ്ണ ബി.എസ്സി നഴ്സിങ് ബിരുദധാരിയാണ്. പിന്നീട് നഴ്സിങ് കോളജുകളിൽ വിദ്യാർഥികൾക്ക് അഡ്മിഷൻ നേടിക്കൊടുക്കുന്ന ഏജൻസിയായി പ്രവർത്തിച്ചുവരികയായിരുന്നു.

