Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടുപേരിൽ തുടങ്ങിയ അന്വേഷണം, പിടിയിലായത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ റാക്കറ്റ്; പ്രതികൾ ലക്ഷ്യമിട്ടത് മയക്കുമരുന്ന് ഡോണുകളായി വളരാൻ

text_fields
bookmark_border
പരിശോധിച്ചത് 8000ത്തോളം ഫോൺ കോളുകൾ, 160 ടവർ ലൊക്കേഷൻ, 30ലേറെ ബാങ്ക് അക്കൗണ്ടുകൾ
രണ്ടുപേരിൽ തുടങ്ങിയ അന്വേഷണം, പിടിയിലായത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ റാക്കറ്റ്; പ്രതികൾ ലക്ഷ്യമിട്ടത് മയക്കുമരുന്ന് ഡോണുകളായി വളരാൻ
cancel

കോഴിക്കോട്: എൻ.എച്ച് 66ൽ ഒളവണ്ണ ടോൾ പ്ലാസക്കുസമീപം മൂന്നര കിലോയോളം എം.ഡി.എം.എയുമായി ഏപ്രിൽ 23ന് രണ്ടുപേർ പിടിയിലായ കേസിന്‍റെ അന്വേഷണത്തിൽ വലയിലായത് മയക്കുമരുന്ന് ഡോണുകളായി വളരുകയായിരുന്നവർ ഉൾപ്പെടെ വൻ റാക്കറ്റ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് (36), കോഴിക്കോട് അടിവാരം സ്വദേശിനിയും യൂട്യൂബറുമായ ഫാത്തിമ നസ്രിൻ (20) എന്നിവരാണ് ആദ്യം ടോൾ പ്ലാസക്കുസമീപം പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും അന്ന് കോഴിക്കോട് എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരുന്നു. ഇതുവരെ കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് കേസായതിനാൽ എക്സൈസ് കമീഷണർ കോഴിക്കോട്, വയനാട് അസിസ്റ്റന്റ് എക്സ് കമീഷണർമാരെ തലവന്മാരാക്കി, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപവത്കരിച്ച 11 അംഗ പ്രത്യേക അന്വേഷണ സംഘമാണ് വൻ റാക്കറ്റിനെ വലയിലാക്കിയത്.

ഷഫീഖും ഫാത്തിമ നസ്രിനും സഞ്ചരിച്ച കാറിന്‍റെ ഉടമ മലപ്പുറം കുഴിമണ്ണ സ്വദേശി ഉമ്മർ ഫാറൂഖിനെ (36) ആണ് പ്രത്യേക അന്വേഷണ സംഘം ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം തിരൂർ സ്വദേശിയായ മുഹമ്മദ് മുസ്തഫ എന്ന ബിലാലിനെ (28) ഡൽഹിയിലേക്ക് കടക്കാനായി ഗോവയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്തു. ഇയാൾ രാജസ്ഥാൻ അതിർത്തിയിൽനിന്നും ചൈനീസ് പിസ്റ്റളുകൾ വാങ്ങി വിൽക്കുന്നതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ആലപ്പുഴ കാർത്തികപ്പള്ളി ചേരാവള്ളി സ്വദേശി ഹിരൺ കാർത്തികേയൻ (31), സഹായിയും ഡ്രൈവറുമായി പ്രവർത്തിക്കുന്ന പത്തനംതിട്ട സ്വദേശി ആരോമൽ എന്ന ഗഗൻ (22) എന്നിവരാണ് പിന്നീട് അറസ്റ്റിലായത്. ശേഷം ഒന്നാംപ്രതി ഷഫീഖിന്‍റെ ലിവിങ് ടുഗതർ പങ്കാളിയും തമിഴ്നാട് സ്വദേശിനിയും വിവാഹ മോചിതയുമായ റംസിയയും (26) പിടിയിലായി.

ഇവരിൽനിന്നും എം.ഡി.എം.എ വാങ്ങുകയും പണം റംസിയയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്ത കൊടിയത്തൂർ സ്വദേശി നൗഷാദിനെ (49) ജൂലൈ മൂന്നിന് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുന്നതിനായി കാറിൽ രഹസ്യ അറ നിർമിച്ച മഹാരാഷ്ട്രയിലെ കങ്കാവലിയിലെ സന്ദേശ് മോഹൻ വാൽക്കെയെയും (27) അറസ്റ്റ് ചെയ്തു. ഹിരൺ കാർത്തികേയന് മയക്കുമരുന്ന് നൽകിയത് നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ അഫാം(46) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇയാൾ ഉൾപ്പെടെ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് എസ്.ഐ.ടി.

8000 ത്തോളം ഫോൺ കോളുകളും, 160 ടവർ ലൊക്കേഷനും, 30 ലേറെ ബാങ്ക് അക്കൗണ്ടുകളുമാണ് അന്വേഷണ സംഘം പരിശോധിച്ചത്. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജിമ്മി ജോസഫിന്റെ മേൽ നോട്ടത്തിൽ, അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് അസി. എക്സൈസ് കമീഷണർ എസ്. നിജുമോൻ, വയനാട് അസി. എക്സൈസ് കമീഷണർ ആർ.എൻ. ബൈജു, മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫൽ, മലപ്പുറം റേഞ്ച് ഇൻസ്പെക്ടർ പി.എം. ഷൈലേഷ്, കോഴിക്കോട് ഐ.ബി. ഇൻസ്പെക്ടർ ടി. ഷിജുമോൻ, തിരൂർ സർക്കിളിലെ ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ, കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. സജീവ്, മലപ്പുറം എക്സൈസ് സൈബർ സെല്ലിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. ഷിബു ശങ്കർ, കോഴിക്കോട് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ സി.പി. ഷാജു, ഫറോക്ക് റേഞ്ചിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ എൻ. മഞ്ജുള, കോഴിക്കോട് എക്സൈസ് സൈബർ സെല്ലിലെ കെ. ദീപക്ക്, കോഴിക്കോട് സ്പെഷൽ സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫിസർ പി.കെ. ജിത്തു, താമരശ്ശേരി റേഞ്ചിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.കെ. അഷ്മില ഷെറിൻ, അസി. എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) പി. സന്തോഷ് കുമാർ, ഡ്രൈവർ ഗ്രേഡ്-1) കെ.പി. ബീരാൻ കോയ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala MDMA Case: Routine Check Leads to Bust of Major Inter-State Drug Syndicate
Next Story