കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റ് ഷാജിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
text_fieldsഷാജി ജോസഫ്
അടിമാലി: രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ വയലിൽ ഷാജി (58) യുടെ കത്തിക്കരിഞ്ഞ മൃതദേഹം പുരയിടത്തിലെ മോട്ടോർ പുരയിൽ നിന്നും കണ്ടെത്തി. സ്ഥിരമായി പുലർച്ചേ പറമ്പിലേക്ക് പോകുന്ന ഷാജി തിരിച്ചെത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്നും തീ പടരുന്നത് കണ്ട അതിഥി തൊഴിലാളിയായ സ്ത്രീ ഷാജിയുടെ മകനെ അറിയിക്കുകയും തുടർന്ന് അയൽവാസികളെ കൂട്ടി നടത്തിയ തിരച്ചിലിലാണ് ഷാജിയുടെ കാൽഭാഗം കത്തിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. എസ്.എച്ച്.ഒ പി.ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇടുക്കിയിൽ നിന്ന് ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആത്മഹത്യ സാധ്യതയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനും കെമിക്കൽ പരിശോധനക്കും ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് അറിയിച്ചത്. വാക്കസിറ്റിയിൽ റേഷൻ കട നടത്തിവരുന്ന ഷാജി, കേരള ബാങ്ക് അടക്കമുള്ള ചില ബാങ്കുകളിൽ വായ്പ കുടിശിക ഉണ്ടായിരുന്നെങ്കിലും അടുത്ത നാളിൽ അടച്ചുതീർക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

