കായംകുളത്തെ ജ്വല്ലറി മോഷണം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsപ്രതി വേലനുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുക്കുന്നു
കായംകുളം: താലൂക്ക് ആശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് വിഴുപ്പുറം വളവന്നൂർ വേലൻ (43) അറസ്റ്റിൽ. പ്രധാന പ്രതി തമിഴ്നാട് കടലൂർ കാടമ്പുലിയൂർ കാറ്റാണ്ടിക്കുപ്പം മാരിയമ്മൻകോവിൽ മിഡിൽ സ്ട്രീറ്റിൽ കണ്ണൻ കരുണാകരൻ (46), സഹായി കായംകുളം കൊറ്റുകുളങ്ങര മാവനാട് കിഴക്കതിൽ ആടുകിളി നൗഷാദ് (53) എന്നിവർ നേരേത്ത അറസ്റ്റിലായിരുന്നു. കഴിഞ്ഞ 11നാണ് സംഭവം. ഭിത്തി തുരന്നുകയറിയ സംഘം ഇരുമ്പ് ലോക്കർ തുറന്ന് എട്ടു ലക്ഷം രൂപ വിലവരുന്ന 10 കിലോ വെള്ളിയാഭരണങ്ങളും ഒരു പവൻ സ്വർണാഭരണവും 40,000 രൂപയുമാണ് മോഷ്ടിച്ചത്. പ്രധാന ലോക്കർ തകർക്കാൻ കഴിയാതിരുന്നതിനാൽ സ്വർണശേഖരം നഷ്ടപ്പെട്ടിരുന്നില്ല. കവർച്ചയുടെ തെളിവുകൾ നശിപ്പിക്കാനായി സി.സി ടി.വിയുടെ ഹാർഡ് ഡിസ്കുമായാണ് കടന്നത്. എന്നാൽ, പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ നീക്കങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
നിരവധി മോഷണക്കേസുകളിലും കൊലപാതക കേസിലും പ്രതിയായ കണ്ണൻ തിരുവനന്തപുരം സെൻട്രൽ ജയിലിലെ ശിക്ഷാ കാലയളവിലാണ് നൗഷാദുമായി പരിചയപ്പെടുന്നത്. തുടർന്ന് പരോളിലിറങ്ങി മോഷണത്തിന് എത്തുകയായിരുന്നു. ജ്വല്ലറിയോട് ചേർന്ന ആയുർവേദ മരുന്ന് കടയിൽനിന്ന് മരുന്ന് വാങ്ങാനെന്ന വ്യാജേനെ എത്തി പരിസരം നിരീക്ഷിച്ചാണ് മോഷണത്തിന് കളമൊരുക്കിയത്. വൈദ്യശാലയിലെ ഭിത്തി തുരന്നാണ് ജ്വല്ലറിക്കുള്ളിൽ കയറിയത്. തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിലായി കണ്ണനെതിരെ കേസുണ്ട്.

