ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ചു; ആദ്യം കുരുക്കിട്ടത് രാജേശ്വരിയമ്മയുടെ കഴുത്തിൽ, കസേര തട്ടിമാറ്റി ശ്രീവത്സൻ പിള്ള രക്ഷപ്പെട്ടു, ഒടുവിൽ അറസ്റ്റ്
text_fieldsകായംകുളം: വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തിയതോടെ ഭർത്താവ് അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെ (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് ശ്രീവത്സൻ പിള്ളയെ (58) കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. രാജേശ്വരി മരിച്ചതിന് ശേഷം താൻ മരിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ശ്രീവത്സൻ പിള്ള കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അടുക്കളയുടെ മേൽക്കൂരയിൽ ഏണി ഉപയോഗിച്ച് കയറി സാരി കെട്ടിയത് ശ്രീവൽസൻ പിള്ളയായിരുന്നു. തുടർന്ന് കസേരയിട്ട് ഭാര്യയെ കയറ്റി നിർത്തി കഴുത്തിൽ കുരുക്ക് മുറുക്കി കെട്ടിയ ശേഷം കസേര മാറ്റുകയായിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ കറ്റാനം വെട്ടിക്കോട് ഭാഗത്തെ കള്ളുഷാപ്പിൽ നിന്നാണ് പിടികൂടിയത്.
ശാസ്ത്രീയ പരിശോധനകളിലൂടെയാണ് തെളിവുകൾ കണ്ടെത്തിയത്. സി.ഐ അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ്, വിനോദ്, എ.എസ്.ഐ ജയലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

