മോഷണം മുത്തച്ഛൻ കണ്ടു, പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു; കരുവാറ്റ വധക്കേസിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത് പൊലീസ്
text_fieldsആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിയോടെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് 4.45 വരെ ജില്ലാ ശിശുക്ഷേമ ഓഫിസർ, പ്രൊബേഷനറി ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത്. വീട്ടിലെ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത് മുത്തച്ഛൻ കണ്ടതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പതിമൂന്നുകാരിയുടെ മൊഴി.
ആഗസ്റ്റ് 15ന് രാത്രിയാണ് ഹരിപ്പാട് കരുവാറ്റയിലെ വാടകവീട്ടിലാണ് അറുപത്തിയേഴുകാരൻ കൊലപ്പെട്ടത്. കൊച്ചുമകളുടെ അറിവോടെ സുഹൃത്തുക്കളായ മൂന്നു കൗമാരക്കാർ ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്. വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച് ഐഫോണും ആൺസുഹൃത്തിന് ബൈക്കും വാങ്ങാൻ ഇരുവരും ചേർന്ന് നേരത്തേ തീരുമാനിച്ചിരുന്നതായി മൊഴിയിൽ പറയുന്നു. എന്നാൽ, സ്വർണം സൂക്ഷിച്ച അലമാര താൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചത് മുത്തച്ഛൻ കണ്ടതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഹൃത്തിന്റെ സഹായം തേടിയിരുന്നതായും മൊഴിയിൽ പറയുന്നു.
ആഗസ്റ്റ് 14ന് രാത്രി മുത്തച്ഛൻ പുറത്തുപോയ സമയത്തായിരുന്നു മോഷണശ്രമം. മുത്തച്ഛൻ തിരിച്ചെത്തുമ്പോൾ അലമാര തുറക്കാൻ ശ്രമിക്കുന്നതുകണ്ടു. സ്ക്രൂ ഡ്രൈവർ വാങ്ങി നിലത്തെറിയുകയും ശാസിക്കുകയും ചെയ്തു. സംഭവം അമ്മയെയും ബന്ധുക്കളെയും അറിയിക്കുമെന്നു മുന്നറിയിപ്പ് നൽകി. മോഷണവിവരം മുത്തച്ഛൻ ബന്ധുക്കളെ അറിയിക്കുമെന്ന ഭയവും ഇനി സ്വർണം നഷ്ടമായാൽ താനാണെന്ന് മുത്തച്ഛൻ മനസ്സിലാക്കുമെന്നതുമാണ് കൊലപാതകത്തിന് ആസൂത്രണം ചെയ്യാൻ കാരണമായെന്ന് പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്.
പിറ്റേദിവസം തന്നെ മോഷണം നടത്തിയില്ലെങ്കിൽ സ്വർണം കിട്ടില്ലെന്ന് കൊല്ലത്തുള്ള ആൺസുഹൃത്തിനെ അറിയിച്ചു. തന്നോടു മോശമായി പെരുമാറിയതിനാൽ മുത്തച്ഛനെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വീടിന്റെ ലൊക്കേഷൻ വാട്സാപിൽ അയച്ചുകൊടുത്തു. പിറ്റേന്നു രാവിലെ കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോയെന്നും അന്നു രാത്രിയാണു കൊല്ലം സ്വദേശിയായ ആൺസുഹൃത്തുൾപ്പെടെ മൂന്നുപേരെത്തി കൊലപാതകം നടത്തിയതെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ സ്വർണം സൂക്ഷിച്ച അലമാര എവിടെയെന്ന് കാണിച്ചുകൊടുക്കാനാണ് ആൺസുഹൃത്ത് വിഡിയോ കോൾ ചെയ്തത്. ഈ സമയത്താണു മുത്തച്ഛന്റെ മൃതദേഹം വിഡിയോ കോളിൽ കണ്ടതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
കേസിൽ കുറ്റാരോപിതരായ മൂന്ന് കൗമാരക്കാർക്കു കഴിഞ്ഞദിവസം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു. പെൺകുട്ടിയുടെ ജാമ്യാപേക്ഷ മൂന്നിന് പരിഗണിക്കും. മൂന്നു കൗമാരക്കാരെ നേരത്തെ എട്ടു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. എന്നാൽ, 16 വയസ്സിൽ താഴെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ബാലനീതി നിയമം അനുവദിക്കാത്തതിനാലാണ് പെൺകുട്ടിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാതെ ചോദ്യം ചെയ്യൽ മാത്രം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

