സംശയ രോഗം: കുഞ്ഞിന് ജൻമം നൽകി 11 ദിവസത്തിനു ശേഷം ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന് പൊലീസുകാരൻ
text_fieldsബംഗളൂരു: ആൺകുഞ്ഞിനെ പ്രസവിച്ച് 11 ദിവസമാകുമ്പോഴേക്കും ഭാര്യയെ കൊലപ്പെടുത്തി യുവാവ്. കർണാടക പൊലീസ് കോൺസ്റ്റബിളായി ജോലിചെയ്യുന്ന കിഷോർ(32)ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്. ഭാര്യയെ സംശയമായിരുന്നു കിഷോറിന്. ചമരജനഗറിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഗർഭിണിയായതിനാൽ കുറച്ചുകാലം സ്വന്തം വീട്ടിലായിരുന്നു പ്രതിഭ. സംശയം മൂലം ഭാര്യയെ ചോദ്യം ചെയ്തിരുന്ന കിഷോർ അവരുടെ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു.
കോളജിൽ ഒപ്പം പഠിച്ച ആൺകുട്ടികളുമായി സംസാരിക്കുന്നതിനും പ്രതിഭക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പ്രതിഭയെ ഫോണിൽ വിളിച്ച കിഷോർ ഇതേ കാര്യംപറഞ്ഞ് വഴക്കിട്ടു. മാനസിക സംഘർഷമുണ്ടായാൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അമ്മ പറഞ്ഞതിനാൽ പ്രതിഭ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. അടുത്ത ദിവസങ്ങളിലും കിഷോറിന്റെ ഫോൺവിളിക്ക് പ്രതിഭ മറുപടി നൽകിയില്ല.
തുടർന്ന് പിറ്റേ ദിവസം കിഷോർ പ്രതിഭയുടെ വീട്ടിലെത്തി. ആ സമയത്ത് അവരുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവിൽ കിഷോർ പ്രതിഭയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം കീടനാശിന കഴിച്ച് കിഷോറും ജീവനൊടുക്കാൻ ശ്രമിച്ചു. കുറച്ചുസമയം കഴിഞ്ഞ് പ്രതിഭയുടെ അമ്മ വീട്ടിലെത്തിയപ്പോൾ ആളനക്കമൊന്നുമുണ്ടായില്ല. കുറച്ചുകഴിഞ്ഞ് വാതിൽ തുറന്ന കിഷോർ താൻ പ്രതിഭയെ കൊന്നുവെന്നും പറഞ്ഞ് ഓടിപ്പോയി.
ആദ്യം ആൽ.എൽ ലാലപ്പ ആശുപത്രിയിലാണ് കിഷോർ എത്തിയത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബെട്ടഹളസൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുബ്രമണിയുടെ മകളാണ് പ്രതിഭ. എൻജിനീയറിങ് ബിരുദ ധാരിയായ പ്രതിഭ 2022 നവംബറിലാണ് കിഷോറിനെ വിവാഹം കഴിച്ചത്. കിഷോറിനെതിരെ സ്ത്രീധന പീഡനവും കൊലക്കുറ്റവും ചുമത്തി പൊലീസ് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാലുടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

