‘പ്രേതത്തെ അകറ്റാൻ അമ്മയെ മന്ത്രവാദിനി പൊതിരെ തല്ലി; കുഴഞ്ഞുവീണതോടെ ആവാഹിച്ച ആത്മാവ് വിട്ടുപോയതായി പറഞ്ഞു, ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു’; സ്ത്രീയെ കൊലപ്പെടുത്തിയതിന് മന്ത്രവാദിനി അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട ഗീതമ്മ (ഇടത്ത്), ഗീതമ്മയെ മന്ത്രവാദിനി മർദിക്കുന്നു (വലത്ത്)
ബംഗളൂരു: ശിവമോഗ ജില്ലയിലെ ഹൊസ ജാംബ്രഘട്ട ഗ്രാമത്തിൽ മന്ത്രവാദിനിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഹോളെഹോന്നു പൊലീസ് സ്റ്റേഷൻ പരിധിയിൽ എ.വി. ഗീതമ്മയാണ്(45) ദാരുണമായി മരിച്ചത്. കുറ്റാരോപിതയായ മന്ത്രവാദിനി കെ. ആശയെ ഹോളെഹോന്നു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മകന്റെ പരാതിയിലാണ് നടപടി.
സംഭവം പൊലീസ് വിവരിക്കുന്നത്: ‘ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആശ ഗീതമ്മയുടെ വീട്ടിലെത്തി മകൻ സഞ്ജയിനോട് മാതാവിന് പ്രേതബാധയുണ്ടെന്നും ഒഴിപ്പിക്കൽ ആവശ്യമാണെന്നും പറഞ്ഞു. ഇത് വിശ്വസിച്ച സഞ്ജയ് ആചാരം നടത്താൻ അനുവദിച്ചു. ഇതോടെ ആശ ഗീതമ്മയെ വടികൊണ്ട് അടിക്കാൻ തുടങ്ങി. ഒപ്പം വീടിന് പുറത്ത് ഹോമവും നടത്തുന്നുണ്ടായിരുന്നു. ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തുപോയിട്ടില്ലെന്ന് പറഞ്ഞ് അടി തുടർന്നു. പിന്നീട് ഗീതമ്മയെ ഏകദേശം രണ്ടര കിലോമീറ്റർ അകലെ ഹാലെ ജാംബ്രഘട്ടയിലെ ചൗഡമ്മ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി, പുലർച്ചെ രണ്ടര വരെ ആക്രമിച്ചു. ഒരു ഘട്ടത്തിൽ ഗീതമ്മയുടെ തലയിൽ ആശ വലിയ കല്ലുകൊണ്ട് ഇടിക്കുകയും തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തു. ഇതോടെ ഇവർ കുഴഞ്ഞുവീണു. ഗീതമ്മയിൽ ആവാഹിച്ച ആത്മാവ് ദേഹം വിട്ടുപോയതായി ആശ പ്രഖ്യാപിച്ചു. വീട്ടിലേക്ക് കൊണ്ടുപോവാൻ മകനോട് പറയുകയും ചെയ്തു. എന്നാൽ ഇരയുടെ നില വഷളായതിനെത്തുടർന്ന് ഹോളെഹൊന്നൂർ ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു’
ആക്രമണത്തിന്റെയും നിലവിളിയുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ശിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് മിഥുൻ കുമാർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

