കൂടുതൽ ചിക്കൻ കഴിച്ചതിനെച്ചൊല്ലി തർക്കം; കർണാടകയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
text_fieldsബെലഗാവി: പാർട്ടിക്കിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. കർണാടകയിലെ ബെലഗാവി ജില്ലയിലെ മുദലഗി താലൂക്കിലെ ഹുനശ്യാൽ പി.ജി ഗ്രാമത്തിലാണ് സംഭവം.
ഉത്തർപ്രദേശ് സ്വദേശിയായ സീതാറാമാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രിയ സ്റ്റീൽ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് സീതാറാമും അരുൺ കുമാറും. ഇരുവരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശികളാണ്.
സുഹൃത്തുക്കൾ ചേർന്ന് പാർട്ടി നടത്തുന്നതിനിടെയാണ് ചിക്കൻ കഷണങ്ങളുടെ എണ്ണത്തെച്ചൊല്ലി തർക്കമുണ്ടായത്. വാക്കുതർക്കം പിന്നീട് രൂക്ഷമാകുകയും അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സീതാറാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
കൊലപാതകം മറച്ചുവെക്കാൻ അരുൺ കുമാർ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പരിക്കേറ്റ സീതാറാമിനെ ഗോകാക് സർക്കാർ ആശുപത്രിയിലെത്തിച്ച ശേഷം കെട്ടിടത്തിൽനിന്ന് വീണാണ് പരിക്കേറ്റതെന്ന് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ, സംശയത്തെ തുടർന്ന് പൊലീസ് അരുൺ കുമാറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ സീതാറാമിനെ കുത്തിയതായി ഇയാൾ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

