കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസ്: ഒരാൾകൂടി പിടിയിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ചിന്നൻ ബഷീർ എന്ന മുഹമ്മദ് ബഷീറിനെ (47) നെ ബാംഗ്ലൂരിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട കൊടുവള്ളി സ്വദേശികളായ പ്രതികൾക്ക് ബാംഗ്ലൂരിൽ ഒളിവിൽ കഴിയാനും മറ്റും സഹായം നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ബഷീറിനെ ചോദ്യം ചെയ്തതിൽ കേസുമായി ബന്ധപ്പെട്ട് നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബഷീറിന്‍റെ ഫോൺ പരിശോധിച്ചതിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാൻ ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിന്‍റെ നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് കൊടുവള്ളിയിലേക്ക് കുഴൽപ്പണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ബാംഗ്ലൂരിലെ സേട്ടുമാരിൽ നിന്നും പണമെടുത്ത് കൊടുവള്ളിയിൽ സുരക്ഷിതമായി എത്തിക്കാൻ ഒരു സംഘം തന്നെ ഇയാൾക്കു കീഴിൽ ഉണ്ട്. കൂടാതെ ബാംഗ്ലൂരിൽ പൊലീസ് പിടികൂടുന്ന ആളുകളെ ജാമ്യത്തിൽ ഇറക്കാനും ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്.
ഇയാളുമായി ബന്ധപ്പെട്ട മാഫിയാ സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ചു വരികയാണ്. ബഷീറിന്‍റെ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊടുവള്ളി സ്വദേശിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേസുണ്ട്.
കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 46 ആയി.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്,കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.