സൈബർ തട്ടിപ്പ്; കരമന, പേട്ട സ്വദേശികൾക്ക് നഷ്ടമായത് ഒരു കോടി രൂപ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സൈബർ തട്ടിപ്പ് വഴി കരമന, പേട്ട സ്വദേശികൾക്ക് ഒരുകോടി രൂപയിലധികം രൂപ നഷ്ടമായി. ഓൺലൈൻ ട്രേഡിങ്ങിലൂടെയാണ് കരമന സ്വദേശിയായ 43കാരനാണ് 73 ലക്ഷം രൂപ നഷ്ടമായത്. മികച്ച ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിക്കുന്ന തരത്തിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. ലിങ്ക് വാട്സ് ആപ്പിലൂടെ അയച്ചുനൽകി ഗ്രൂപ്പിൽ ചേർത്തു. ശേഷം വിവിധ ലിങ്കുകൾ നൽകി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം അയപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തത്. ഈ വർഷം ജൂൺ മുതലാണ് തട്ടിപ്പ് നടന്നത്.
കള്ളപ്പണ മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പേട്ട സ്വദേശിയിൽനിന്ന് 34 ലക്ഷം രൂപ തട്ടിയത്. പരാതിക്കാരനെ വാട്സ് ആപ്പ് മുഖേന ബന്ധപ്പെട്ട് പ്രതികൾ കള്ളപ്പണ മാഫിയയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാൻ പണം പരിശോധനക്കായി അയച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് രണ്ട് തവണയായി 34 ലക്ഷത്തിലേറെ രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയായിരുന്നു. ശേഷം തിരികെ നൽകാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചി സ്വദേശിക്കും 26 കോടി രൂപ നഷ്ടമായിരുന്നു. കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമക്കാണ് വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തതിലൂടെ നാലു മാസംകൊണ്ട് കോടികൾ നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

