കാരക്കോണത്ത് ക്രിമിനല്‍ സംഘം പൊലീസുകാരെ ഓടിച്ചിട്ട് അടിച്ചു
text_fieldsവെള്ളറട: കാരക്കോണത്ത് പൊലീസുകാരെ ഓടിച്ചിട്ട് അടിച്ച് ക്രിമിനല്‍ സംഘം. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാര്‍, ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.
രാത്രി 10ഓടെ കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളറട സ്റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ആക്രമിസംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റുന്നതിനിടെയാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകര്‍ത്ത ആക്രമികള്‍ യൂനിഫോം വലിച്ചുകീറുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും 11 പേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അക്രമത്തിനിരയായ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇൻസ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സി.പി.ഒമാരായ പ്രദീപ്, സനല്‍ എസ്. കുമാര്‍, സജിന്‍, അജി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.