കാപ്പ: ആറ് കുറ്റവാളികൾ പിടിയിൽ
text_fieldsrepresentational image
കൊല്ലം: പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിയ ആറ് കുപ്രസിദ്ധ കുറ്റവാളികളെ സിറ്റി പൊലീസ് പരിധിയിൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. ചിറക്കര കാരംകോട് പ്രസാദ് നിവാസിൽ അനൂപ് (29), തൃക്കടവൂർ കീക്കോലിമുക്കിന് സമീപം ചിറക്കരോട്ട് വീട്ടിൽ ആൻസിൽ (30), ശൂരനാട് തെക്ക് കിടങ്ങയം കണ്ടത്തിൻതറ പടിഞ്ഞാറ്റതിൽ മുഹമ്മദ് ഷാൻ (34), മീനാട് കോയിപ്പാട് രാഹുൽ ഭവനിൽ വിഷ്ണു (31), കിളികൊല്ലൂർ കല്ലുംതാഴം ശാന്തി ഭവനിൽ പ്രശാന്ത് (27), പരവൂർ പൊഴിക്കര തെക്കേമുള്ളിൽ വീട്ടിൽ അബ്ദുൽ വാഹിദ് (38) എന്നിവരെയാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
2016 മുതൽ ചാത്തന്നൂർ, കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, നിരോധിത മയക്കുമരുന്ന് വിൽപന തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അനൂപ്.
2016 മുതൽ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, കൂട്ടായ ആക്രമണം, ആയുധംകൊണ്ട് ദേഹോപദ്രവം ഏൽപിക്കൽ, കഠിന ദേഹോപദ്രവം, നരഹത്യാശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒമ്പത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ആൻസിൽ.
മുഹമ്മദ് ഷാനിനെതിരെ കഴിഞ്ഞ വർഷം നാല് കേസുകളാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യക്തികൾക്ക് നേരെയുള്ള ആക്രമണം, എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ളവ, കാപ്പ നിയമലംഘനം എന്നിവ സംബന്ധിച്ച കേസുകളാണ് ഇവ.
2018 മുതൽ കൊട്ടിയം, ചാത്തന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് മമ്മുസലി എന്ന വിഷ്ണു. എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് പുറമെ, കാപ്പ നിയമലംഘനത്തിനും വ്യക്തികൾക്ക് നേരെയുള്ള ആക്രമണത്തിനും രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് ഇയാൾക്കെതിരെയുള്ള കേസുകൾ.
2020 മുതൽ കൊട്ടിയം, കിളികൊല്ലൂർ, അഞ്ചാലുംമൂട് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, നരഹത്യാശ്രമം, കഠിനദേഹോപദ്രവം ഏൽപിക്കൽ, മോഷണം എന്നീ കുറ്റകൃത്യങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രശാന്ത്.
പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2021 മുതൽ നരഹത്യാശ്രമം, ബലാത്സംഗ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അബ്ദുൽ വാഹിദ്.
കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്േട്രറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. ഇവരെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

