പ്രതിയുടെ പുതിയ സിമ്മിൽനിന്ന് ഫോണിലേക്ക് ആറ് കോളുകൾ; കാൺപൂർ വ്യവസായിയുടെ കൊലപാതകത്തിൽ അന്വേഷണം മകനിലേക്കും
text_fieldsകാൺപൂർ: ഫാർമസ്യൂട്ടിക്കൽ വ്യാപാരി വിനീത് മനോച്ചയുടെ കൊലപാതകത്തിൽ അന്വേഷണം മകനിലേക്കും. കേസിലെ പ്രധാന പ്രതിയായ വിഷാൽ ഗൗതവുമായി വിനീത് മനോച്ചയുടെ മകൻ സുബ്രത ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് വിഷാൽ പുതിയ സിം കാർഡ് എടുത്തിരുന്നു. ഈ പുതിയ നമ്പറിൽനിന്ന് സുബ്രതിന്റെ ഫോണിലേക്ക് ആറ് കോളുകൾ പോയതായി പൊലീസ് സ്ഥിരീകരിച്ചു.
സെപ്റ്റംബർ അഞ്ചിനാണ് 63കാരനായ ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ വിനീത് മനോച്ചയെ കാൺപൂരിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ വിനീതിന്റെ മരുമകൾ ശാലു, മുൻ ജീവനക്കാരനായ വിഷാൽ ഗൗതം, ഇയാളുടെ സഹായി രാജ് കിഷോർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാലു നൽകിയ കൊട്ടേഷനെ തുടർന്നാണ് വിശാലും സഹായിയും വിനീതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശാലു കൊലപാതകത്തിന് ആറുലക്ഷം രൂപയും ജോലിയും വാഗ്ദാനം ചെയ്തതായാണ് വിവരം.
സെപ്റ്റംബർ മൂന്നിനാണ് വിഷാൽ പുതിയ സിം കാർഡ് എടുത്തത്. ഈ പുതിയ നമ്പറിൽനിന്ന് ശാലുവിനെയും സുബ്രതിനെയും വിളിച്ചതാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് കമീഷണർ രഘുബീർ ലാൽ പറഞ്ഞു. സുബ്രതിന്റെ മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മേയ് ഒന്ന് മുതൽ സെപ്റ്റംബർ അഞ്ചുവരെ ഷാലുവും വിഷാൽ ഗൗതവും തമ്മിൽ 309 തവണ ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സുബ്രത്, ശാലു, വിഷാൽ എന്നിവരുമായി ബന്ധപ്പെട്ട ഏഴ് മൊബൈൽ നമ്പറുകളുടെ കോൾ ഡീറ്റെയിൽ റെക്കോർഡുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഏകദേശം 1,000 പേജുള്ള രേഖകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിനീതിന്റെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിഷാലിനെ നേരത്തെ മോഷണക്കുറ്റത്തെ തുടർന്ന് ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു.
വിനീത് മിനോച്ചയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റ പാടുകളുമുണ്ടായിരുന്നു. പുറത്തുനിന്നുള്ളവർ നടത്തിയ കൊലപാതകമാണെന്ന തരത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാൽ, വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചതോടെ അന്വേഷണം കുടുംബത്തിനുള്ളിലേക്ക് തന്നെ എത്തുകയായിരുന്നു.
കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് വിനീത് വീട്ടിലെ ഡ്രോയിങ് റൂമിൽ നാല് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ സ്വകാര്യത നഷ്ടപ്പെടുന്നതായി മരുമകൾ ശാലു പരാതി പറഞ്ഞിരുന്നു. വീട്ടിലെ അംഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും സാമ്പത്തിക കാര്യങ്ങളിൽ കർശന നിയന്ത്രണം പുലർത്തുകയും ചെയ്തത് ശാലുവിനെ അസ്വസ്ഥയാക്കി. പാർട്ടികൾക്ക് പോകുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. ചെറിയ ആവശ്യങ്ങൾക്ക് പോലും പണം ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നതായി ശാലു മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
ശനിയാഴ്ച രാത്രി 9.36 ഓടെ സുബ്രതും ശാലുവും ആറ് വയസുള്ള മകനും ഒരു പാർട്ടിക്കായി പുറത്തുപോയിരുന്നു. മിനിറ്റുകൾക്കുള്ളിൽ രണ്ടുപേർ വീട്ടിനകത്ത് പ്രവേശിക്കുന്നതായി സി.സി.ടി.വിയിൽ പൊലീസ് കണ്ടെത്തി. വിനീത് വീട്ടിലെത്തുന്നതും കാത്ത് ഇവർ ഒരു മണിക്കൂറോളം വീട്ടിൽ ഒളിച്ചിരുന്നു. രാത്രി 10.58ഓടെ വിനീത് വീട്ടിലെത്തി. ഉറങ്ങുമ്പോൾ വിനീതിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ വിനീത് അക്രമികളെ നേരിട്ടതോടെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ചു. വിനീതിന്റെ കഴുത്തിലും നെഞ്ചിലും പരിക്കേൽക്കുകയും മരിക്കുകയുമായിരുന്നു.
വിശാൽ ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൈവശം വച്ചിരുന്നുവെന്നും അത് ഉപയോഗിച്ച് രാജ് കിഷോറിനൊപ്പം വീട്ടിൽ കയറിയതായും കണ്ടെത്തി. വിശാലിനെ ചോദ്യം ചെയ്തതോടെ മരുമകൾ ശാലു പണം വാഗ്ദാനം ചെയ്തതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ശാലുവും വിശാൽ ഗൗതമും തമ്മിലുള്ള ഫോൺ സംഭാഷണവും അന്വേഷണത്തിൽ വഴിത്തിരിവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

