ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
text_fieldsകാൺപൂർ: കാൺപൂരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കെളെയും കൊലപ്പെടുത്തിയ ശേഷം 40കാരൻ ജീവനൊടുക്കി. ശിനിയാഴ്ചയാണ് സംഭവം.
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ ഫാക്ടറി ജീവനക്കാരനായ ഇന്ദ്രപാൽ നിഷാദാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ദ്രപാലിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയുടെയും മകന്‍റെയും മകളുടെയും മൃതദേഹങ്ങൾ ഗുരുതരമായി പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
കൊലപാതകങ്ങളെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും വിവരമറിഞ്ഞ ഉടൻ ഇൻസ്‌പെക്ടർ ജനറൽ പ്രശാന്ത് കുമാർ, പൊലീസ് സൂപ്രണ്ട് ബി.ബി.ജി.ടി.എസ് മൂർത്തി എന്നിവരുൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ നിന്ന് നാട്ടിലെത്തിയ ഇന്ദ്രപാൽ ഭാര്യയെയും മക്കളെയും മർദിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഭാര്യക്ക് മറ്റൊരു പുരുഷനുമായി വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഇയാൾ വെള്ളിയാഴ്ച ഫെയ്‌സ്ബുക്ക് ലൈവിൽ വന്നതായി ഐ.ജി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

