മാലമോഷണ ഭീതിയിൽ കണ്ണൂർ; രണ്ടുപേർ പിടിയിൽ
text_fieldsമാല മോഷണ കേസിലെ
പ്രതികളായ തമിഴ്നാട്
സ്വദേശിനികൾ
ചക്കരക്കൽ: സ്ത്രീകളുടെ കഴുത്തിൽനിന്നും മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട രണ്ടുപേരെ ചക്കരക്കൽ പൊലീസ് പിടികൂടി. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ ശാന്തി, നീലി എന്നിവരാണ് പിടിയിലായത്. സഹോദരിമാരായ ഇവർ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മൂന്നോളം കേസുകളിൽ പ്രതികളാണ്.
പത്തര പവനാണ് ചക്കരക്കല്ല് മേഖലയിൽനിന്ന് മാത്രം കവർന്നത്. ശാസ്ത്രീയമായ തെളിവുകളിലൂടെയാണ് പൊലീസ്, സംഘത്തെ വലയിലാക്കിയത്. നല്ല രീതിയിൽ മാന്യമായി വസ്ത്രം ധരിച്ചാണ് ഇവർ മോഷണത്തിനിറങ്ങുന്നത്. മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിങ്ങനെ തിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്യുന്നത്.
കഴിഞ്ഞമാസം പതിനൊന്നിന് ഐവർകുളത്തെ അംഗൻവാടി അധ്യാപികയായ പുഷ്പജയുടെ കഴുത്തിൽ നിന്നും മൂന്നര പവൻ സ്വർണമാല മോഷ്ടിച്ചിരുന്നു. ഇവർ യാത്ര ചെയ്ത ഓട്ടോറിക്ഷയിൽ ശാന്തിയും നീലിയും കയറി വിദഗ്ധമായാണ് സ്വർണമാല മോഷ്ടിച്ചത്. ഓട്ടോയിൽനിന്ന് ഇറങ്ങുംവരെ പുഷ്പജ മോഷണവിവരം അറിഞ്ഞിരുന്നില്ല. വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടയിൽ തിരക്കുണ്ടാക്കിയാണ് കവർച്ച നടത്തുന്നത്.
ബസുകൾ കേന്ദ്രീകരിച്ചും ഈ സംഘം നിരവധി കവർച്ചകൾ നടത്തിയെന്നാണ് വിവരം. വീട്ടമ്മയായ ശൈലജ, ചക്കരക്കൽ സ്വദേശിനിയായ ലീന എന്നിവരുടെ സ്വർണമാല മോഷ്ടിച്ച സംഘത്തിൽ ഇവരുണ്ടായിരുന്നു. മാല നഷ്ടപ്പെട്ടവർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാഴ്ച മുമ്പ് മായൻ മുക്കിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. വയോധികയുടെ പിന്നാലെ കൂടിയ രണ്ടുപേർ ചേർന്ന് മാല പൊട്ടിച്ചെങ്കിലും നിലത്ത് വീഴുകയായിരുന്നു. ബഹളം കേട്ട് ആളുകളെത്തിയെങ്കിലും യുവതികൾ അതുവഴി വന്നൊരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുന്നു. കൂടാതെ, ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ നിരവധി സംഭവങ്ങളാണുണ്ടായിട്ടുള്ളത്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായാണ് സൂചന.
സമാനമായ കേസുകളിൽ പൊലീസ് അന്വേഷണം നടത്തിവരുന്നു. വിശദമായ അന്വേഷണം നടത്തണമെന്ന് എ.സി.പി ടി.കെ. രത്നകുമാർ നിർദേശം നൽകിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് മട്ടന്നൂരിൽ സ്ഥിരം മാലമോഷ്ടാക്കൾ പിടിയിലായിരുന്നു.
മയ്യിൽ സ്വദേശി നൗഷാദ്, കോട്ടയം സ്വദേശി സിറിൽ മാത്യു എന്നിവരാണ് അന്ന് പിടിയിലായത്. ജില്ല കേന്ദ്രീകരിച്ച് മാലമോഷണ സംഘങ്ങൾ സജീവമാണെന്നാണ് തുടർച്ചയായി നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

