കാഞ്ചീപുരത്ത് കത്തികാട്ടി കൂട്ടബലാത്സംഗം ചെയ്തത് മലയാളി വിദ്യാർഥിനിയെ; ആറ് പേർ പിടിയിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സുഹൃത്തിനൊപ്പം പുറത്തുപോയ 20കാരിയായ മലയാളി വിദ്യാർഥിനിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കാഞ്ചീപുരത്ത് താമസിക്കുന്ന മലയാളി കുടുംബത്തിലെ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
സഹപാഠിയായ യുവാവിനൊപ്പം ബെംഗളൂരു– പുതുച്ചേരി ഔട്ടർ റിങ് റോഡരികിൽ സംസാരിച്ചിരിക്കവേ മദ്യപിച്ചെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. യുവാവിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
അക്രമികളിൽ നിന്ന് രക്ഷപ്പെട്ട യുവാവാണ് പെൺകുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സ്ഥിരം കുറ്റവാളികളായ ആറ് പേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.