Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമ്മത്ത് ലെയ്നിലെ സ്വർണത്തട്ടിപ്പ് കേസിന് തുമ്പില്ല; ഇരുട്ടിൽ തപ്പി പൊലീസ്

text_fields
bookmark_border
സ്വർണം നഷ്ടപ്പെട്ട കച്ചവടക്കാർ കടുത്ത നിരാശയിൽ
കമ്മത്ത് ലെയ്നിലെ സ്വർണത്തട്ടിപ്പ് കേസിന് തുമ്പില്ല; ഇരുട്ടിൽ തപ്പി പൊലീസ്
cancel
camera_alt

കേരള പൊലീസ്

കോഴിക്കോട്: പാളയം കമ്മത്ത് ലെയ്‌നിലെ ജ്വല്ലറിയിൽ നിന്ന് 1.40 കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ യുവാവിനെ 20 ദിവസം കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താനായില്ല. കമ്മത്ത് ലെയ്‌നിലെ നാഷനൽ ജ്വല്ലറി പാർട്ണറായ സഫർനാസിനെ പിടികുടാനാവത്തത് പൊലീസിന് തലവേദനയായിരിക്കയാണ്. ഇതിനിടയിൽ പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു. പ്രത്യക ടീം രൂപവത്കരിച്ച് അന്വേഷണം നടക്കുന്നുവെന്ന് ഉന്നതോദ്യോഗസ്ഥർ പറയുന്നതല്ലാതെ പ്രതിയെ കുറിച്ച് തുമ്പുണ്ടാക്കാൻ പൊലീസിനായില്ല. സ്വർണം നഷ്ടപ്പെട്ട കച്ചവടക്കാർ കടുത്ത നിരാശയിലാണ്.

പരാതി ലഭിച്ചയുടൻ പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തി പൊലിസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. കൂടാതെ പ്രതിയുടെ മൊബൈൽ ഫോണിന്റെ സി.ഡി.ആർ പരിശോധിച്ചതിൽ നിന്നും വയനാട് എത്തിയതായും വ്യക്തമായിരുന്നു. ഇതോടെ കേസന്വേഷിക്കുന്ന ടൗൺ പൊലിസിനും ക്രൈംസ്‌ക്വാഡും കൽപറ്റയിലും വയനാട്ടിലെ വിവിധ സ്ഥലങ്ങളിലും ദിവസങ്ങളോളം പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്താനാവാതെ മടങ്ങി. പ്രതിയുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പൊലിസ് നിരീക്ഷിച്ചുവരികയാണ്. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലിസിന് ലഭിച്ചിട്ടില്ല.

ജൂലൈ 27 ന് പകൽ 12.30 നും 3.30 നും ഇടയിലാണ് പ്രതി രക്ഷപ്പെട്ടത്. തന്റെ കടയിലെത്തിയ ഉപഭോക്താക്കൾക്ക് മാലയുടെ മോഡൽ കാണിക്കാനെന്ന വ്യാജേന കമ്മത്ത് ലെയ്‌നിലെ 11 കടകളിൽ നിന്നായി 1,39,35,747 രൂപ മൂല്യം വരുന്ന 948.010 ഗ്രാം സ്വർണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. ആസൂത്രിതമായ കവർച്ചയാണെന്ന് പൊലിസിന് ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. പാർട്ണർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സമീപത്തെ കടകളിലെത്തി പ്രതി സ്വർണാഭരണങ്ങൾ വാങ്ങിയത്. ആഭരണങ്ങൾ ശേഖരിച്ചശേഷം കടയുടെ ഗ്ലാസ്‌ഡോർ അടച്ച് അടുത്ത കടയിൽ താക്കോൽ ഏൽപിച്ച് മുങ്ങുകയായിരുന്നു. പാർട്ണർ ഭക്ഷണം കഴിച്ചുവന്നപ്പോൾ ഇയാളെ ഫോണിൽ വിളിച്ചിരുന്നു. ഭക്ഷണം കഴിച്ച് വരാമെന്നായിരുന്നു മറുപടി.

സാധാരണ ഇങ്ങനെ കൊണ്ടുപോകുന്ന ആഭരണങ്ങൾ നിശ്ചിത സമയത്തിനകം തിരിച്ചെത്തിക്കാറുണ്ട്. വിൽപന നടത്തിയതാണെങ്കിൽ അതിന്റെ പണം നൽകാറാണ് പതിവ്. സ്വർണവും പണവും ലഭിക്കാതിരുന്നതോട ആഭരണം നൽകിയ കടക്കാർ അന്വേഷിക്കാൻ തുടങ്ങി. ഫോണിൽ ബന്ധപ്പെട്ടപ്പോഴേക്കും സ്വിച്ച് ഓഫ് ആയിരുന്നു. കച്ചവടക്കാർ അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലിസ് സഫർനാസിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കുന്ദമംഗലം ഭാഗത്തുള്ളതായി സൂചന ലഭിച്ചു. പ്രതിക്കൊപ്പം ഉണ്ടെന്ന് സംശയിക്കുന്നയാൾ സംഭവദിവസം രാത്രി വയനാട്ടിൽ എത്തിയതായും സൂചന ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kammat Lane Gold Scam: No Clue Yet, Police Probe On
Next Story